മലപ്പുറത്ത് തെങ്ങ് കടപുഴകി വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. ചേളാരി സ്വദേശി ഗിരീഷ് കുമാർ (54) ആണ് മരിച്ചത്. സിപിഐ എം മുൻ തേഞ്ഞിപ്പലം ലോക്കൽ കമ്മറ്റി അംഗവും ഒമ്പതുവർഷം ചെനക്കലങ്ങാടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. നിലവിൽ ചെനക്കലങ്ങാടി ബ്രാഞ്ചംഗമാണ് ഗിരീഷ് കുമാർ. ശനിയാഴ്ച രാവിലെ ആയിരുന്നു അപകടം.
തേങ്ങ പറിക്കാൻ കയറിയപ്പോള്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ചെനക്കലങ്ങാടി മൂത്തഞ്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിൽ കയറി തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം നടന്നത്. താഴെ വീണ് ഗുരുതരമായി പരുക്കേറ്റ ഗിരീഷിനെ ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോർട്ടം നടത്തി. ഞായര്‍ പകല്‍ 11 മുതല്‍ 12 മണി വരെ ചെനക്കലങ്ങാടിയിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് നാലോടെ വീട്ടുവളപ്പിലാണ് സംസ്കാരം.
അച്ഛന്‍- പരേതനായ വേലായുധൻ, അമ്മ- സരോജിനി, ഭാര്യ- മിനി (ആധാരം എഴുത്ത്, ഫറോക്ക്). മക്കൾ- അയന, അക്ഷയ്. പ്രദീപ് കുമാർ, കൃഷ്ണകുമാർ എന്നിവർ സഹോദരങ്ങളാണ്