ബെംഗളൂരു: പുരുഷവേഷം ധരിച്ച് വീടുകളിൽ മോഷണംനടത്തുന്ന രണ്ടുയുവതികൾ അറസ്റ്റിലായി. രേഷ്‌മ, നീലു എന്നിവരാണ് അറസ്റ്റിലായത്.
സമ്പിഗെഹള്ളിയിലെ സംഘമേഷിന്റെ വീട്ടിൽ കഴിഞ്ഞദിവസം നടന്ന മോഷണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇവിടെനിന്ന് ഇവർ 30 ഗ്രാം സ്വർണവും 60 ഗ്രാം വെള്ളിയും പണവും കവർന്നിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയം വാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം.
ഇരുചക്രവാഹനത്തിലാണ് ഇവർ എത്തിയത്. സിസിടിവി ക്യാമറ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
രേഷ്മ സ്ഥിരമായി ഇത്തരത്തിൽ മോഷണം നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് ആൺവേഷത്തിൽ മോഷണം നടത്തുന്നതെന്ന് ഇവർ മൊഴിനൽകി.