Trending

നടിയെ ആക്രമിച്ച കേസ്: ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം, 'മെമ്മറി കാർഡ് ചോർന്നതിൽ സംശയനിഴലിലായ ജഡ്ജി വിധി പറയാൻ അർഹയല്ല'




കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം. പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശത്തിന്‍റെ പകർപ്പ് പുറത്ത്. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശം.

ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് എതിരെ അംഗീകരിച്ച തെളിവുകൾ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാൻ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമർശങ്ങൾ എന്നും നിയമോപദേശത്തിൽ പറയുന്നു. അടുത്ത ആഴ്ചക്കുള്ളിൽ സർക്കാർ അപ്പീൽ നൽകും.



ദിലീപിനെ വെറുതെ വിട്ടത് ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി


കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാൽ, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഉയർന്ന കോടതിയിൽ ഇത് തെളിയിക്കാൻ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകൾ അപ്പീലിൽ ചൂണ്ടിക്കാട്ടും.




Post a Comment

Previous Post Next Post