കുവൈത്ത് സിറ്റി : കുവൈത്തിൽ മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ എന്നിവ രാജ്യത്തേക്ക് കടത്തിയ കുറ്റത്തിന് കഴിഞ്ഞ ദിവസം വധ ശിക്ഷക്ക് വിധിക്കപ്പെട്ടത് രണ്ട് മലയാളികളാണെന്ന് വിവരം . തൃശൂർ തൃപ്രയാർ, കോഴിക്കോട് ബാലുശേരി സ്വദേശികളാണ് ഇവർ.കഴിഞ്ഞ വർഷം ഓഗസ്ത് രണ്ടിനാണ് ഷുവൈഖ് താമസ കേന്ദ്രം, കൈഫാൻ എന്നിവിടങ്ങളിൽ നിന്ന് ഇവർ പിടിയിലായത്. 14 കിലോഗ്രാം ശുദ്ധ ഹെറോയിൻ, 8 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 2 ഇലക്ട്രോണിക് അളവ് ഉപകരണങ്ങൾ എന്നിവ കൂറ്റാന്വേഷണ വിഭാഗം ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. കുവൈത്തിനുള്ളിൽ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് സൂക്ഷിച്ചവയായിരുന്നു ഇവ.
രാജ്യത്തിന് പുറത്തുള്ള ഒരു അന്താരാഷ്ട്ര മയക്ക് മരുന്ന് ശൃംഖലയുടെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു പ്രതികൾ എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.വിചാരണ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് .ക്രിമിനൽ കോടതി ജഡ്ജി ഖാലിദ് അൽ താഹൂസിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് ഇരുവർക്കും വധ ശിക്ഷ വിധിച്ചത്.നിയമ പരമായ കാരണത്താൽ പ്രതികളുടെ പേര് വിവരങ്ങൾ പുറത്തു വിടുന്നതിനു കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.