താമരശ്ശേരി: 228 കോടി രൂപ ചിലവഴിച്ച് നവീകരണം പൂർത്തിയാക്കിയ കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാത നിർമ്മാണം പൂർത്തീകരിച്ച് ഒരു വർഷത്തിനകം തന്നെ താഴ്ന്നു പോകുകയും, ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവ നിയന്ത്രണം നഷ്ടപ്പെട്ട് നിരന്തരം അപകടത്തിൽപ്പെടുകയും ചെയ്യുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനു ലഭിച്ച പരാതിയിൽ നേരത്തെ തന്നെ കേസ് എടുക്കുകയും PWDയോടും, KSTP യോടും വിശദീകരണം തേടുകയും ചെയ്തിരുന്നു. നാളെ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ വെച്ച് നടക്കുന്ന സിറ്റിംഗിൽ പരാതിക്കാരനായ മജീദ് താമരശ്ശേരിയുടെ വാദം കേൾക്കും.
റോഡു നവീകരണത്തിലെ അപാകത പരിഹരിക്കാൻ ആവശ്യപ്പെട്ട് 6 തവണ രേഖാമൂലവും, നിരവധി തവണ വാക്കാലും കരാർ കമ്പനിയായ ശ്രീധന്യ കൺസ്ട്രക്ഷനോട് ആവശ്യപ്പെട്ടതായും, കമ്പനി നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ ചീഫ് എഞ്ചിനിയർക്കും, പ്രൊജക്ട് ഡയരക്ടർക്കും റിപ്പോർട്ട് നൽകിയതായും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയർ മനുഷ്യാവകാശ കമ്മീഷന് നൽകിയ മറുപടിയിൽ പറയുന്നുണ്ട്.