ബീച്ചിൽ പോയി തിര എണ്ണിയാൽ മനസ് ശാന്തമാകാറുണ്ട് എന്ന് പലരും പറയാറുണ്ട്. എന്നാൽ അതേ ബീച്ചിൽ പോയി കഞ്ചാവ് ഉണക്കാനിട്ടാലോ ? കോഴിക്കോട് ബീച്ചില്‍ ഇന്നലെ രാവിലെ വ്യായാമത്തിനായും ഫുട്ബോൾ കളിക്കാനുമെത്തിയവര്‍ കണ്ടത് അങ്ങനെ ഒരു കാഴ്ച ആയിരുന്നു. കഞ്ചാവിന് കൂട്ടിരുന്ന ഉറങ്ങിപ്പോയ ആളെയും സമീപത്ത് കാണാം. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബീച്ചിലെ മണലില്‍ കഞ്ചാവ് ഉണക്കാനിട്ട് അതിനൊപ്പം പായ വിരിച്ച് ആണ് യുവാവ് കിടന്നുറങ്ങിയത്. നാട്ടുകാര്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഉടന്‍ വെള്ളയിൽ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഏകദേശം 370 ഗ്രാം കഞ്ചാവാണ് ഉണക്കാനിട്ട നിലയില്‍ പൊലീസ് പിടികൂടിയത്.വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.
ഷൂ എല്ലാം അഴിച്ചുവച്ചായിരുന്നു യുവാവിന്റെ സുഖനിദ്ര. ഇയാള്‍ കഞ്ചാവ് ഉപയോഗിച്ചിട്ടാണോ കിടന്നെതെന്ന് സ്ഥിരീകരിച്ചിട്ടില്ല. മുൻപും കഞ്ചാവ് കൈവശം വച്ചതിന് റാഫി പിടിയിലായിട്ടുണ്ട്. റാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.