Trending

വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ബാരാമതിയിൽ ലാൻഡിങിനിടെയാണ് അപകടം. സ്വകാര്യ വിമാനത്തിൽ അജിത് പവാറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികയായിരുന്നു വിമാനം. ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അജിത് പവാർ ബാരാമതിയിൽ എത്തിയത്. ലാൻഡിങിനിടെ വിമാനത്തിന് നിയന്ത്രണം നഷ്ടമാവുകയും റൺവേയ്ക്ക് സമീപം തകർന്നു വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ തകർന്ന വിമാനത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കാണാം. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.


സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി പദവിയിലിരുന്നത് വ്യക്തി അജിത് പവാറാണ്. ആറ് തവണ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അദ്ദേഹം പ്രവർത്തിച്ചു. പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡെ എന്നിവരുടെ മന്ത്രിസഭകളിൽ അദ്ദേഹം പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1991ൽ ബാരാമതി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തി. 2022 മുതൽ 2023 വരെ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു.


മുതിർന്ന രാഷ്ട്രീയ നേതാവും എൻസിപി സ്ഥാപകനുമായ ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാർ. ലോക്‌സഭാ എംപി സുപ്രിയ സുലെയുടെ സഹോദരനുമാണ് അദ്ദേഹം.


ഭാര്യ: സുനേത്ര പവാർ. മക്കൾ: ജയ് പവാർ, പാർത്ഥ് പവാർ.


Post a Comment

Previous Post Next Post