യുഎഇയിലെ അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കോഴിക്കോട് സ്വദേശികളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നീ സഹോദരങ്ങളും മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷറയുമാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികൾ സഹോദരങ്ങളാണ്.
അപകടത്തിൽ കുട്ടികളുടെ മാതാപിതാക്കളായ അബ്ദുൾ ലത്തീഫ്, റുക്സാന എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം അബുദാബിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രവാസി മലയാളി സമൂഹത്തെ ഒന്നടങ്കം നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ് ഈ ദാരുണമായ അപകടവാർത്ത.