Trending

‘പ്രതിപക്ഷ നേതാവിന് എന്തുപറ്റിയെന്ന് അറിയില്ല; അദ്ദേഹം ഇന്നലെ പറയുന്നതല്ല ഇന്ന് പറയുന്നത്’; വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി. രാജീവ്

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കടുത്ത ആരോപണങ്ങളുമായി മന്ത്രി പി. രാജീവ്. പ്രതിപക്ഷ നേതാവിന് യഥാർത്ഥത്തിൽ എന്തുപറ്റിയെന്ന് അറിയില്ലെന്നും അദ്ദേഹം ഇന്നലെ പറയുന്നതല്ല ഇന്ന് പറയുന്നതെന്നും പി. രാജീവ് പരിഹസിച്ചു. നിയമസഭയിൽ ചോദ്യങ്ങൾ ചോദിച്ചാൽ ഒന്നും പറയാത്ത സതീശൻ, സഭയിൽ മറുപടി നൽകിയാൽ ഒറ്റ ചോദ്യത്തിന് പൊട്ടിത്തീരാവുന്ന ഒരു ബലൂൺ മാത്രമാണെന്നും മന്ത്രി വിശേഷിപ്പിച്ചു. വന്ദേ ഭാരത് ട്രെയിൻ വന്നാൽ കേരളത്തിന് അതിവേഗ ട്രെയിൻ വേണ്ടെന്ന് പറഞ്ഞ സതീശൻ ഇപ്പോൾ അതിവേഗ ട്രെയിൻ വേണമെന്ന് മാറ്റി പറയുകയാണ്.

സ്പ്രിംഗ്ലർ, എ ഐ ക്യാമറ തുടങ്ങിയ വിഷയങ്ങളിൽ കോടതിയെ സമീപിച്ച പ്രതിപക്ഷ നേതാവിൻ്റെ നടപടികളെയും മന്ത്രി വിമർശിച്ചു. ആ കേസുകൾ ഇപ്പോൾ ഏത് അവസ്ഥയിലാണെന്ന് അദ്ദേഹം ഓർക്കണം. അദ്ദേഹം മുൻപ് പറഞ്ഞതും ചെയ്തതുമായ എല്ലാ കാര്യങ്ങളും പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും (Public Domain) സ്വന്തം നില എന്താണെന്ന് അദ്ദേഹം സ്വയം ചിന്തിക്കണമെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.

ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്കടിയിലെ ബോംബാണെന്ന് താൻ പറഞ്ഞതായി സതീശൻ ഉന്നയിക്കുന്ന ആരോപണം പൂർണ്ണമായും വസ്തുതാവിരുദ്ധമാണ്. അത്തരത്തിൽ ഒരു പരാമർശം നടത്തിയതിന് തെളിവായി വീഡിയോ ഉണ്ടെങ്കിൽ അത് കാണിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്ന് മന്ത്രി വെല്ലുവിളിച്ചു.

പ്രതിപക്ഷ നേതാവിൻ്റെ സമീപകാല പ്രസ്താവനകൾ നീതിന്യായ സംവിധാനത്തെ തന്നെ അധിക്ഷേപിക്കുന്നതാണെന്നും ഇത് അതീവ ഗൗരവത്തോടെ കാണണമെന്നും മന്ത്രി വ്യക്തമാക്കി. വസ്തുതകൾ പരിശോധിക്കാതെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഒരു പ്രതിപക്ഷ നേതാവിന് ചേർന്നതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവ് എതിർക്കാത്ത ഏത് പദ്ധതിയാണ് കേരളത്തിൽ ഉള്ളത് എന്നും അദ്ദേഹം ചോദിച്ചു.

സി ജെ റോയിയുടെ മരണത്തിലും മന്ത്രി പ്രതികരിച്ചു. കടുത്ത മാനസിക സംഘർഷത്തിലേക്ക് വ്യവസായികളെ കൊണ്ടുപോകുന്ന രീതിയിലേക്ക് എത്തിയിരിക്കുന്നു. റോയിയുടെ ദുരൂഹ മരണത്തിൽ വിശദമായ അന്വേഷണം നടക്കണം എന്നും അദ്ദേഹം പറഞ്ഞു.


Post a Comment

Previous Post Next Post