താമരശ്ശേരിയിൽ നിന്നും ഷൊർണൂരിലേക്ക് ടിക്കറ്റ് ബുക്കുചെയ്ത് താമരശ്ശേരി പുതിയ സ്റ്റാൻ്റിൽ കാത്തിരുന്ന ഷൊർണൂർ സ്വദേശികളായ ഇർഷാദ്, ഭാര്യ ജുഹൈന എന്നിവർക്കാണ് ദുരനുഭവം. കൊച്ചുകുഞ്ഞുമായിട്ടായിരുന്നു ഇവർ വൈകീട്ട് 5.50 ന് ഉള്ള ബസ്സിനായി 5.45 മുതൽ താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ കാത്തിരുന്നത്.
കൽപ്പറ്റയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള പത്തനാപുരം ഗ്യാരേജിലെ KSRTC സൂപ്പർഫാസ്റ്റ് ബസ്സിലാണ് സീറ്റ് റിസർവ് ചെയ്തത്.. മൂന്നരയോടെ കണ്ടക്ടറെ ഫോണിൽ വിളിച്ച് ബസ് വിവരങ്ങൾ ആരായുകയും, എവിടെ നിൽക്കണമെന്ന് അന്വേഷിക്കുകയും ചെയ്തപ്പോൾ താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ നിൽക്കാൻ നിർദ്ദേശിക്കുകയായിരുന്നു, എന്നാൽ ബസ്സ് കാണാത്തതിനെ തുടർന്ന ചുരത്തിൽ ബ്ലോക്ക് ആയിരിക്കും എന്ന് കരുതി 6.56 ഓടെ കണ്ടക്ടറെ വീണ്ടും വിളിച്ചു, ഈ സമയത്താണ് ബസ്സ് താമരശ്ശേരി വിട്ട് ഓമശ്ശേരിയിൽ എത്തിയതായ വിവരം കണ്ടക്ടർ പറയുന്നത്. താമരശ്ശേരിയിൽ കാത്തിരിക്കുന്ന വിവരം നേരത്തെ കണ്ടക്ടറെ വിളിച്ച് അറിയിച്ചിട്ടും യാത്രക്കാരെ കാണാതിരുന്നപ്പോൾ ഒന്ന് വിളിച്ചു നോക്കാൻ പോലും കണ്ടക്ടർ തയ്യാറായില്ല എന്ന് ഇർഷാദ് പറഞ്ഞു. പിന്നീട് താമരശ്ശേരി ഡിപ്പോയിൽ ബന്ധപ്പെട്ടപ്പോൾ പെരിന്തൽമണ്ണ വരെ പോകാൻ മറ്റൊരു ബസ്സിലേക്ക് സ്ലിപ്പ് നൽകുകയും, തുടർന്നുള്ള യാത്രക്ക് മറ്റു മാർഗ്ഗം തേടാൻ നിർദ്ദേശിക്കുകയുമായിരുന്നു.
ദീർഘദൂര ബസ്സുകൾ 6 മണിക്ക് ശേഷം സാധാരണ താമരശ്ശേരി പുതിയ സ്റ്റാൻ്റിൽ കയറാറില്ല, പഴയ സ്റ്റാൻ്റിൽ നിൽക്കാൻ പറയണ്ടതിന് പകരം യാത്രക്കാരോട് പുതിയ സ്റ്റാൻ്റിൽ നിൽക്കാൻ കണ്ടക്ടർ പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണം, എന്നിരുന്നാലും യാത്രക്കാരെ കണ്ടില്ലെങ്കിൽ ഒന്നു ഫോൺ വിളിക്കാനുള്ള സന്മനസ്സ് കണ്ടക്ടർ കാണിച്ചിരുന്നെങ്കിൽ കൊച്ചു കുട്ടിയടക്കമുള്ള കുടുംബം പെരുവഴിയിൽ ആകുമായിരുന്നല്ല.
KSRTC നൽകിയ ടിക്കറ്റിലും പിക്കപ്പ് പോയിൻറ് എവിടെയെന്ന് കൃത്യമായിട്ടു വ്യക്തമാക്കുന്നില്ല.
തിരുവനന്തപുരത്തേക്ക് മുക്കം വഴി പോകുന്ന മിന്നൽ ബസ്സിൻ്റെ പിക്കപ്പ് പോയിൻ്റ് താമരശ്ശേരി ചുങ്കമാണ്. സൂപ്പർഫാസ്റ്റ് ബസ്സുകൾ പഴയ സ്റ്റാൻ്റിൽ നിന്നും പിക്ക് ചെയ്യും. കോഴിക്കോട് വഴി പോകുന്ന ബസ്സുകൾക്ക് KSRTC ഡിപ്പോയാണ് പിക്കപ്പ് പോയിൻ്റ്. ഈ കാര്യം ടിക്കറ്റിൽ വ്യക്തമാക്കിയാൽ യാത്രക്കാരുടെ അലച്ചിൽ ഒഴിവാക്കാനാവും.
സംഭവം സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്ന് ഇർഷാദ് പറഞ്ഞു.