തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര ബജറ്റിലെ അവഗണന തുറന്നുകാട്ടി നിയമസഭയിൽ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. കേരളത്തിൻ്റെ ആവശ്യങ്ങൾക്ക് വർഷങ്ങളായി ഒരു പരിഗണനയും കേന്ദ്രം നൽകുന്നില്ല. കേന്ദ്ര അവഗണന കേരളത്തെ ആകെ നിരാശപ്പെടുത്തുന്നതാണ്. കേന്ദ്രം ജനാധിപത്യ ഫെഡറൽ മൂല്യങ്ങളെ അവഹേളിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഷങ്ങളായി കേരളം മുന്നോട്ടുവച്ചിട്ടുള്ള ന്യായയുക്തമായ ആവശ്യങ്ങൾ പലതിനും യാതൊരു പരിഗണനയും കേന്ദ്രസർക്കാർ നൽകുന്നില്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സമതുലിതമായ വികസനം ഉണ്ടാവുമ്പോൾ മാത്രമേ രാജ്യത്തിന്റെ പൊതുവികസനം സാധ്യമാവൂ. ഒരു ഭാഗത്തിന്റെ തകർച്ച പൊതു തളർച്ചയ്ക്കാവും വഴിവെക്കുക.
എയിംസ് വേണമെന്നുള്ളത് കേരളം രണ്ടു ദശാബ്ദക്കാലത്തിലേറെയായി ഉന്നയിക്കുന്ന ആവശ്യമാണ്. ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ കണ്ടെത്തുകയും ഏറ്റെടുക്കാൻ ആവശ്യമായ നടപടികൾ മിക്കവാറുമൊക്കെ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല. കേന്ദ്ര ബജറ്റിലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് തികഞ്ഞ മൗനമാണുള്ളത്. കേരളത്തിന് ഒരു എയിംസ് അടിയന്തരമായി അനുവദിക്കണം.
സാങ്കേതിക മാതൃക ഏതുതന്നെയായാലും കേരളത്തിന് ഒരു അതിവേഗ റെയിൽപാത അനിവാര്യമാണ്. ഇതിനായി സംസ്ഥാന സർക്കാർ പലവട്ടം കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുള്ളതാണ്. എന്നാൽ കേന്ദ്ര ബജറ്റിൽ ഇക്കാര്യത്തിലും കേരളത്തിന് അവഗണനയാണ്. നിർദ്ദിഷ്ട കോച്ചു ഫാക്ടറിയ്ക്കുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതൽ മംഗലാപുരം റൂട്ടിൽ മൂന്ന്, നാല് റെയിൽവേ ലൈനുകൾക്കുള്ള സർവേ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നതും സംസ്ഥാനം കേന്ദ്ര സർക്കാരിനു മുമ്പാകെ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളാണ്. ഇതും കേന്ദ്രം ചെവിക്കൊണ്ടില്ല.
രാജ്യത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ നാഴികക്കല്ലായ വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്) ഗ്രാന്റായി നൽകണമെന്ന് നിരവധി തവണ സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിട്ടും തിരിച്ചടവിന് വിധേയമായ വിജിഎഫ് ആണ് കേന്ദ്രസർക്കാർ അനുവദിച്ചത്. മറ്റു പല സംസ്ഥാനങ്ങൾക്കും വിജിഎഫ് ഗ്രാന്റായി അനുവദിച്ച യൂണിയൻ സർക്കാർ വിഴിഞ്ഞത്തോട് വിവേചനപരമായ സമീപനമാണ് സ്വീകരിച്ചത്.വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്നും സർവീസ് നടത്താനുള്ള പോയ്ന്റ് ഓഫ് കാൾ ലഭ്യമാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.
സംസ്ഥാനത്തോടുള്ള കേന്ദ്രസമീപനം അടിയന്തിരമായി തിരുത്തുകയും കേരളത്തിന്റെയും ഇന്ത്യയുടെയാകെയും വികസനത്തിന് അനിവാര്യമായ ആവശ്യങ്ങളാണ് കേരളം ഉന്നയിക്കുന്നത്. ഇത് മനസ്സിലാക്കി കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.