Trending

ഹോട്ടലടക്കമുള്ളവയ്ക്ക് 
40% സിലിണ്ടർ ഉറപ്പാക്കും: സംസ്ഥാന സർക്കാർ


തിരുവനന്തപുരം: വാണിജ്യ പാചകവാതക വിതരണത്തിൽ അർധ-മുൻഗണനാ മേഖലകൾക്ക്‌ സംസ്ഥാന സർക്കാർ അനുവദിച്ച പ്രത്യേക ഇളവ്‌ ഹോട്ടൽ വ്യവസായ മേഖലയ്‌ക്ക്‌ ആശ്വാസമാകും. ഹോട്ടൽ, റെസ്റ്റോറന്റ്, കാന്റീൻ, ഭക്ഷ്യസംസ്‌കരണ യൂണിറ്റ്, സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന അടുക്കള, അതിഥി തൊഴിലാളികൾക്കുള്ള 5 കിലോ എൽപിജി തുടങ്ങിയവ പ്രത്യേക ഇളവ് നൽകി യഥാർഥ ആവശ്യകതയുടെ 40 ശതമാനം ലഭ്യമാക്കാനാണ്‌ തീരുമാനം.


മുൻഗണന മേഖലകളായ ആശുപത്രി, അങ്കണവാടി,സ്‌കൂൾ, ശ്മശാനം, വ്യാവസായിക കാന്റീൻ, സ്‌കൂൾ -കോളേജ് ഹോസ്റ്റൽ, സമൂഹ അടുക്കള, സുഭിക്ഷ ഹോട്ടൽ, വൃദ്ധസദനം, അനാഥാലയം എന്നിവയ്‌ക്ക്‌ ആവശ്യകതക്ക്‌ അനുസരിച്ചുള്ള എൽപിജി ലഭ്യമാക്കും. പ്രതിസന്ധി മുന്നിൽകണ്ട്‌ കേന്ദ്രം മുന്നൊരുക്കം നടത്താത്തത്‌ എൽപിജി വിതരണത്തിൽ രാജ്യവ്യാപക നിയന്ത്രണങ്ങൾക്കാണ്‌ വഴിവച്ചത്‌.


കേന്ദ്ര നിർദേശത്തെ തുടർന്നാണ്‌ സംസ്ഥാന സർക്കാർ എൽപിജി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്‌. ഇതുമായി ബന്ധപ്പെട്ട് നടപടി ഏകോപിപ്പിക്കുന്നതിനും നിർദേശം നൽകുന്നതിനും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ വകുപ്പ് സെക്രട്ടറി കൺവീനർ ആയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ അംഗങ്ങൾ ആയും ‘സ്റ്റേറ്റ് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി’ രൂപീകരിച്ചിട്ടുണ്ട്.

എല്ലാ വാണിജ്യ എൽപിജി ഉപഭോക്താക്കളും പ്രദേശത്ത് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) ലഭ്യമാണെങ്കിൽ പൈപ്‌ലൈൻ നാചുറൽ ഗ്യാസ് (​പിഎൻജി) കണക്ഷൻ ലഭ്യമാക്കുന്നതിനായി ഉടൻ അപേക്ഷിക്കണം. പിഎൻജി സൗകര്യം ലഭ്യമാകുന്നിടത്ത് അതിലേക്ക് മാറുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ എൽപിജി ലഭ്യതയിൽ നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്.


വെബ്പോർട്ടലും

അടിയന്തര ആവശ്യങ്ങളിൽ വാണിജ്യ എൽപിജി ലഭിക്കുന്നതിന്‌ അപേക്ഷ നൽകാൻ വെബ്പോർട്ടൽ സജ്ജം. https://www.lpgtrackerkerala.in എന്ന വെബ്പോർട്ടലിൽ അപേക്ഷ സമർപ്പിക്കാം. ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് ആവശ്യമനുസരിച്ച്‌ നടപടിയെടുക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post