ടെൽ അവീവ്: ഇറാനും ഹിസ്ബുള്ളയും നടത്തിയ വ്യോമാക്രമണങ്ങളിൽ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെ മുതൽ ടെൽ അവീവിലെ ഷിൻ ബെറ്റ് ആസ്ഥാനം, മെഡിറ്ററേനിയൻ തീരത്തെ പൽമാച്ചിം വ്യോമതാവളം, തെക്കൻ ഇസ്രയേലിലെ ഓവ്ദ വ്യോമതാവളം എന്നിവിടങ്ങളിൽ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. മരണസംഖ്യ പുറത്തുവിടുന്നില്ല. 24 മണിക്കൂറിനിടെ 179 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
വടക്കൻ ഇസ്രയേലിലെ നഹാരിയ നഗരത്തിലും ഹൈഫ ബേ മേഖലയിലും ജനവാസ കേന്ദ്രങ്ങൾക്ക് സമീപവും റോക്കറ്റുകൾ പതിച്ചു.സൈനിക താവളങ്ങളാണ് ഹിസ്ബുള്ള പ്രധാനമായും ലക്ഷ്യമിട്ടത്. വടക്കൻ മേഖലയിലെ യാര ബാരക്സ്, ബെയ്റ്റ് ലിഡ് ബേസ്, ടെൽ അവീവിന് സമീപത്തെ ഗ്ലിലോട്ട് ബേസ്, ഹൈഫയ്ക്ക് സമീപമുള്ള അറ്റ്‌ലിറ്റ് ബേസ് എന്നിവിടങ്ങൾ ആക്രമിച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടു. മേരോൻ എയർ ഓപ്പറേഷൻസ് കമാൻഡ് സെന്ററിലെ റഡാർ സംവിധാനങ്ങളിൽ ഒന്ന് തകർത്തെന്നും അറിയിച്ചു.