Trending

‘എ.സി വേണ്ട, കീശയിൽ ഒരു ഉള്ളി ഇട്ടാൽ മതി’ -ചൂടിന് വിചിത്ര പോംവഴിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ

ന്യൂഡൽഹി: വേനൽക്കാലത്തെ ചൂടിൽനിന്ന് രക്ഷതേടാൻ വിചിത്ര പോംവഴിയുമായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ. ഉഷ്ണതരംഗത്തിൽ നിന്ന് സ്വയം പരിരക്ഷ തേടാൻ പഴയ ഒരു ഉള്ളി കീശയിൽ കൊണ്ടുനടക്കാനാണ് മന്ത്രിയുടെ ഉപദേശം.

“ഞാൻ എന്റെ കാറിൽ എ.സി ഉപയോഗിക്കാറില്ല. എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ ഇരിക്കാറില്ല. മേയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും നിങ്ങൾ എങ്ങനെ ഇത് തരണം ചെയ്യുന്നുവെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. എന്റേത് ‘മധ്യപ്രദേശിലെ ചമ്പൽ ത്വക്ക്’ ആണെന്നാണ് അതിനുള്ള ഉത്തരം. ഒരു കാര്യം കൂടി ഞാൻ നിങ്ങളോട് പറയട്ടെ? എന്നെ കാണാൻ ചെറുപ്പമായി തോന്നാം. പക്ഷേ എന്റെ ആത്മാവിന് വളരെ പ്രായമായിരിക്കുന്നു. ഈ ചൂടുകാലത്ത് നിങ്ങളുടെ പോക്കറ്റിൽ ഒരു ഉള്ളി സൂക്ഷിക്കുക, നിങ്ങൾക്ക് ഒരുചുക്കും സംഭവിക്കില്ല. ചൂടിൽനിന്ന് രക്ഷതേടാൻ ആധുനിക കാലത്ത് എല്ലാവരും പെട്ടികൾ (എ.സി) കൊണ്ടുപോകുമ്പോൾ, കേന്ദ്ര മന്ത്രി ഉള്ളിയാണ് കൊണ്ടുപോകുന്നത്. ഇവ പഴയ കാര്യങ്ങളാണ്. ആയുർവേദം പുരോഗമിക്കുമ്പോൾ, നമ്മൾ ഇവ മറക്കരുത്’ -മധ്യപ്രദേശിലെ ശിവപുരിയിൽ നടന്ന പൊതുയോഗത്തിൽ സിന്ധ്യ പറഞ്ഞു.

‘സ്കാർഫ് കൊണ്ട് തല മറക്കുകയും ദൈവ നാമം ഉച്ചരിച്ച് കീശയിൽ ഒരു ഉള്ളി ഇടുകയും ചെയ്താൽ ജൂണിൽ താപനില 52 ഡിഗ്രി വരെ ഉയർന്നാലും പ്രശ്നമാക്കേണ്ടതില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത മൂന്ന് ദിവസത്തേക്ക് വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ വിചിത്രമായ ‘ഉള്ളി’ ഉപദേശം. ഇന്നലെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പരമാവധി താപനില 40-46 ഡിഗ്രി സെൽഷ്യസ് പരിധിയിൽ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഡൽഹിയിൽ ഉയർന്ന താപനിലയെ തുടർന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ 42.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഉയർന്ന താപനില. സാധാരണയേക്കാൾ 3.1 ഡിഗ്രി കൂടുതലാണിത്. 26.2 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില.


T News

working in the field of advertising and printing

Post a Comment

Previous Post Next Post