Trending

പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു; പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിശോധിക്കും

ന്യൂ‍‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗം ഉൾപ്പെടെ കമ്മീഷൻ പരിശോധിക്കും. അതിനുശേഷമാകും നടപടിയെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.

സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, പി.സന്തോഷ്‌ കുമാർ എം.പി, എഐസിസി അംഗം അനിൽ അക്കര തുടങ്ങിയവരാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പരാതി നൽകിയിരിക്കുന്നത്.

മാതൃക പെരുമാറ്റചട്ടം നിലനിൽക്കുമ്പോഴാണ് ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിച്ചതെന്നാണ് പ്രധാനപരാതി. പെരുമാറ്റച്ചട്ടം നിലനിൽക്കെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് മോദി രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയിൽ പറയുന്നു. പ്രധാനമന്ത്രി ദൂരദർശനത്തിലൂടെ നടത്തിയതും രാഷ്ട്രീയ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണെന്നാണ് പരാതിക്കാരുടെ വാദം.

പെരുമാറ്റച്ചട്ടം നിലനില്‍ക്കെ സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണം നടത്തിയത് നഗ്‌നമായ ചട്ടലംഘനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുന്നുവെന്നും ബേബി കുറ്റപ്പെടുത്തി.

'പ്രധാനമന്ത്രി ദൂരദര്‍ശനിലൂടെ നടത്തിയത് രാഷ്ട്രീയ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണ്. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പ്രധാനമന്ത്രി നടത്തിയത് ചട്ടലംഘനമാണ്. ഗ്യാനേഷ് കുമാര്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി ഇരിക്കുമ്പോള്‍ ഇത് നടക്കും. കമ്മീഷന്‍ ബിജെപിക്ക് വേണ്ടി ഇടപെടല്‍ നടത്തുകയാണ്' -ബേബി പറഞ്ഞു.

'അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്താന്‍ പാടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നരേന്ദ്ര മോദിക്കും ബിജെപിക്കും അനുകൂലമായി പ്രവര്‍ത്തിക്കുകയാണ്. ന്യൂനപക്ഷ മതത്തിനെ ലക്ഷ്യംവെച്ചുള്ള സത്യവിരുദ്ധ പ്രചാരണം ബംഗാളില്‍ അമിത്ഷാ നടത്തി' -ബേബി ആരോപിച്ചു.

വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ബില്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് തന്നെ ചട്ടലംഘനമാണെന്ന് ബേബി ചൂണ്ടിക്കാട്ടി.




T News

working in the field of advertising and printing

Post a Comment

Previous Post Next Post