Trending

'തെറ്റുപറ്റിപോയി..' നെടുങ്കണ്ടം ഇരട്ടക്കൊലക്കേസ് പ്രതി സജി കുറ്റം സമ്മതിച്ചു

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം പനക്കടവിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി വീടിന് മുന്നിൽ കുഴിച്ചുമൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി സജി ഇന്ന് ഉച്ചയോടെ പൊലീസിന് മുന്നിൽ കീഴടങ്ങി. കൃത്യത്തിന് ശേഷം വീടിന് സമീപത്തെ വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. വനത്തിനുള്ളിൽ പൊലീസ് തിരച്ചിൽ ശക്തമാക്കിയതോടെയാണ് സജി പുറത്തിറങ്ങിയത്. സമീപത്തെ ഒരു കടയിലേക്ക് നടന്നു വന്ന സജി, തനിക്ക് തെറ്റുപറ്റിപ്പോയെന്നും കീഴടങ്ങുകയാണെന്നും അവിടെയുണ്ടായിരുന്ന നാട്ടുകാരോട് കുറ്റസമ്മതം നടത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

അമ്മ മേരിക്കുട്ടി (65), സഹോദരൻ റജി (42) എന്നിവരെ പ്രതി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് തന്നെ ആഴം കുറഞ്ഞ കുഴിയെടുത്ത് ഒരുമിച്ച് മറവു ചെയ്യുകയായിരുന്നു. മദ്യപിച്ചെത്തി വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുള്ള സജി, കഴിഞ്ഞ ദിവസം സഹോദരി സിനി വീട്ടിലെത്തിയപ്പോൾ അമ്മയും സഹോദരനും എവിടെ എന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. ഇതിൽ സംശയം തോന്നിയ സഹോദരി പൊലീസിനെ അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ഇരുവരെയും കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് സജി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സജി പിടിയിലായതോടെ 2018ൽ ഇതേ വീട്ടിൽ നിന്നും കാണാതായ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും വലിയ ദുരൂഹതകൾ ഉയരുന്നുണ്ട്. പിതാവിനെയും സജി കൊലപ്പെടുത്തിയതാകാം എന്ന സംശയം സഹോദരി സിനി പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ 2018ലെ തിരോധാനം സംബന്ധിച്ച കേസ് പുനരന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. നിലവിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ സജിയെ ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന്റെ കൃത്യമായ കാരണവും മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്.







T News

working in the field of advertising and printing

Post a Comment

Previous Post Next Post