ന്യൂഡൽഹി: ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർക്ക് തുല്യരാണെന്ന വിവാദ പ്രസ്താവനയുമായി രാജസ്ഥാനിൽ നിന്നുള്ള മതപ്രഭാഷക സാധ്വി ശ്രദ്ധ ഗോപാൽ.ഹിന്ദുക്കളാരും ചായ കുടിക്കരുതെന്നും 'ദീദി' എന്നറിയപ്പെടുന്ന ഇവർ അനുയായികളോട് ആഹ്വാനം ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചായ കുടിക്കാതെ തന്നെ നമ്മുടെ പൂർവികർ ആരോഗ്യത്തോടെ ജീവിച്ചിരുന്നെന്നും, ഇന്നത്തെ ആളുകളെക്കാൾ ഇരട്ടി ജോലി ചെയ്യാൻ അവർക്ക് സാധിച്ചിരുന്നെന്നും സാധ്വി അവകാശപ്പെട്ടു. 'ചായ കുടിക്കാത്ത കാലത്ത് നമ്മുടെ പൂര്‍വികര്‍ ജീവിച്ചില്ലേ? ചായ കുടിക്കാതിരുന്നിട്ട് അവര്‍ മരിച്ചു പോയില്ലല്ലോ. ചായയും കാപ്പിയും കുടിക്കുന്നവര്‍ അത് അവസാനിപ്പിക്കണം. ചിലപ്പോള്‍ തല വേദനയും തല പൊട്ടിപ്പോകുന്നത് പോലെയുമെല്ലാം തോന്നിയേക്കാം എങ്കിലും അതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം'- സ്വാധി പറയുന്നു.
ഹിന്ദുക്കൾ സ്വന്തം സംസ്കാരം സംരക്ഷിക്കുന്നതിനായി ചായ കുടിക്കരുതെന്നും, ചായ കുടിക്കുന്ന ശീലം പരോക്ഷമായി പശുവിനെ കൊല്ലുന്നതിന് തുല്യമാണെന്നും ഇവർ പറഞ്ഞു.
വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് സാധ്വി ശ്രദ്ധ ഗോപാലിനെതിരെ ഉയരുന്നത്. 'ചായവാല'യെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ളവരെ ഇവർ അപമാനിക്കുകയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. അനാവശ്യമായ ഇത്തരം പ്രസ്താവനകളിലൂടെ സമൂഹത്തിൽ വിഭജനമുണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. രാജസ്ഥാൻ സ്വദേശിയായ സാധ്വി ശ്രദ്ധ ഗോപാൽ ഇസ്കോൺ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ്.