കോഴിക്കോട്: സംസ്ഥാനത്ത് മെയ് 28ന് ബലിപെരുന്നാൾ. മാസപ്പിറവി കാണാത്തതിനാൽ 28നാണ് ബലിപെരുന്നാൾ എന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി അറിയിച്ചു. മെയ് 17 ന് മാസപ്പിറവി കാണാത്തതിനാൽ മെയ് 18 (തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്.
സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്‌ദുള്ള ഹബീബ് അൽ ബുഖാരി എന്നിവരാണ് മാസപ്പിറവി ഉറപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മേയ് 28ന് തന്നെയാകും ബലി പെരുന്നാൾ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതോടെ മെയ് 27ന് ഗൾഫ് രാഷ്ട്രങ്ങളിൽ ബലി പെരുന്നാൾ ആചരിക്കും. ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം മെയ് 26 ബുധനാഴ്‌ചയാണ്. മാസപ്പിറവി ദൃശ്യമായതോടെ ലക്ഷങ്ങൾ സംഗമിക്കുന്ന ഹജ്ജിൻ്റെ തിരക്കിലേക്ക് നീങ്ങുകയാണ് മക്ക.