Trending

'ലോക്സഭയിൽ ഡിഎംകെ എംപിമാർക്കായി പ്രത്യേക ബ്ലോക്ക് അനുവദിക്കണം'; സ്പീക്കർക്ക് കനിമൊഴിയുടെ കത്ത്

ഡൽഹി: ലോക്സഭയിൽ ഡിഎംകെ എംപിമാർക്കായി പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി എംപി ലോക്സഭാ സ്പീക്കർക്ക് കത്തെഴുതി. കോൺഗ്രസുമായുള്ള സഖ്യം ഡിഎംകെ അവസാനിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് എംപിമാർക്കൊപ്പം ഡിഎംകെ അംഗങ്ങൾ തുടരുന്നത് ഉചിതമല്ലെന്ന് കനിമൊഴി കത്തിൽ ചൂണ്ടിക്കാട്ടി.

ഡിഎംകെ പാർലമെന്‍ററി പാർട്ടി അംഗങ്ങൾക്ക് ലോക്‌സഭയിൽ അവരുടെ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിർവഹിക്കാൻ പ്രാപ്തമാക്കുന്നതിന് പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് സ്പീക്കറോട് അഭ്യർഥിച്ചു.അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തമിഴ്നനാട്ടിലെ രാഷ്ട്രീയ രംഗത്ത് അടുത്തിടെയുണ്ടായ മാറ്റങ്ങളെ തുടര്‍ന്ന് സമാജ്‍വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നൽകിയ ഐക്യദാര്‍ഢ്യത്തിന് കനിമൊഴി നന്ദി പറഞ്ഞു. 'ഞങ്ങൾ പ്രതിസന്ധി ഘട്ടത്തിൽ പരസ്പരം ഉപേക്ഷിക്കുന്നവരല്ല' എന്നാണ് മമത ബാനർജിയും എം.കെ സ്റ്റാലിനും ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് അഖിലേഷ് കുറിച്ചത്.
ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസ് തമിഴ്നാട്ടിൽ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വിജയിയുടെ ടിവികെയെ പിന്തുണക്കാൻ തീരുമാനിച്ചതിന് പിന്നാലെ അഖിലേഷ് കോൺഗ്രസിനെതിരെ ആഞ്ഞടിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ ഇൻഡ്യാ മുന്നണിയോടുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു. ബംഗാളിലെ പരാജയത്തിന് പിന്നാലെ അഖിലേഷ് കൊൽക്കത്തയിൽ ടിഎംസി മേധാവി മമത ബാനര്‍ജിയെയും അനന്തരവൻ അഭിഷേക് ബാനര്‍ജിയെയും സന്ദര്‍ശിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനായി വിജയ് തിരക്കിട്ട നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റുകളാണ്.അഞ്ച് കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയോട് ടിവികെക്ക് ഇപ്പോൾ 112 സീറ്റുകളാണുള്ളത്. ഇനി ആറ് എംഎൽഎമാരുടെ പിന്തുണ കൂടിയുണ്ടെങ്കിൽ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാൻ സാധിക്കൂ. ഭൂരിപക്ഷം തികയ്ക്കാൻ ഇടതുപക്ഷ പാർട്ടികളുടെയും വിസികെയുടെയും നിലപാട് ഇപ്പോൾ നിർണായകമാണ്.

അതിനിടെ സിപിഎം, സിപിഐ പാർട്ടികളുടെ എക്സിക്യൂട്ടീവ് യോഗങ്ങൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്.ഇടതുപക്ഷ നേതാക്കൾ വിസികെ നേതാക്കളുമായി ചർച്ച നടത്തിയ ശേഷം പിന്തുണയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.ടിവികെ ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമ്മൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സിപിഐ ഓഫീസിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post