തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത എഐസിസി തീരുമാനത്തിനെതിരെ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് പഴകുളം മധു എംഎൽഎ. എംഎൽഎമാരുടെ ഭൂരിപക്ഷ തീരുമാനത്തിന് വിരുദ്ധമായ ഒരു നിലപാട് ഹൈക്കമാൻഡിൽ നിന്ന് ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്ത് കാര്യമാണ് ഹൈക്കമാൻഡ് തീരുമാനത്തെ സ്വാധീനിച്ചതെന്ന് അറിയില്ലെന്നും, കെ.സി വേണുഗോപാലിനെതിരെ നടന്ന സംഘടിത ആക്രമണത്തിന് പിന്നിൽ ആരാണെന്ന് പുതിയ മുഖ്യമന്ത്രി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ച പഴകുളം മധു, എംഎൽഎമാരുടെ പൊതുവികാരത്തിന് വിരുദ്ധമാണ് ഈ പ്രഖ്യാപനമെന്ന സൂചനയാണ് നൽകിയത്. ഏത് ഘടകമാണ് ഹൈക്കമാൻഡിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. പാർട്ടിക്കായി അഹോരാത്രം പണിയെടുത്ത ഒരു നേതാവിനെ അപകീർത്തിപ്പെടുത്താൻ നടന്ന ഈ ക്യാമ്പയിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വി.ഡി സതീശൻ മുഖ്യമന്ത്രിയായി വരുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കെ.സിക്കെതിരെ നടന്ന ഈ സംഘടിത നീക്കത്തെക്കുറിച്ച് അന്വേഷിക്കുക എന്നത് പുതിയ മുഖ്യമന്ത്രിയുടെ പ്രധാന ഉത്തരവാദിത്തങ്ങളിൽ ഒന്നായി കാണണമെന്നാണ് പഴകുളം മധു പറഞ്ഞത്.
ഹൈക്കമാൻഡ് തീരുമാനത്തെ പൂർണമായി തള്ളുന്നില്ലെങ്കിലും, തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ നടന്ന ആഭ്യന്തര നീക്കങ്ങളിലും നേതാവിനെതിരെയുള്ള അക്രമണങ്ങളിലും കടുത്ത പ്രതിഷേധമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.സി വേണുഗോപാലിനെതിരായ ആക്രമണങ്ങൾ കേരളത്തിലെ കോൺഗ്രസിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നുമാണ് എംഎഎൽയുടെ പക്ഷം.