ലോക്ഭവനുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ആരാഞ്ഞു. പ്രത്യേക യോഗമല്ല, ആശയവിനിമയം മാത്രമാണ് നടന്നതെന്ന് അറിയിച്ചു. വിഷയത്തിൽ സർക്കാരിൻ്റെ അതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്. ഭാവിയിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ലോക്ഭവനോട് കത്തിൽ ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് ഗവർണർ നേരിട്ട് സർക്കാർ വകുപ്പുകളുടെ യോഗം വിളിച്ചുചേർത്തത് ഭരണഘടനാപരമായ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകിയത്.
ഗവർണറുടെ ഈ നടപടി ജനാധിപത്യ മര്യാദകളുടെ നഗ്നമായ ലംഘനമാണെന്നും, സംസ്ഥാനത്ത് ഒരു സമാന്തര സർക്കാർ ആകാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ഫെഡറൽ അധികാരങ്ങളുടെ ലംഘനം നടന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സംഘപരിവാറിനോട് വിധേയത്വം കാണിക്കുകയാണെന്നും, കിട്ടിയ അവസരങ്ങൾ ഗവർണർ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും, ഗവർണറുടെ ഭരണഘടനാ വിരുദ്ധമായ നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.