തിരുവനന്തപുരം:വിദേശ വനിതകളെ മനുഷ്യക്കടത്തിലൂടെ തലസ്ഥാനത്ത് എത്തിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു.രണ്ട് മലയാളികളും രണ്ട് തായ്‌ലാൻഡ് സ്വദേശിനികളുമാണ് പിടിയിലായത്. അണ്ടൂർക്കോണം പറമ്പിപ്പാലം ടി.എ. മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ് തോന്നയ്ക്കൽ അഞ്ചു ഭവനിൽ അദീഷ് കൃഷ്ണൻ (28) എന്നിവരും തായ്‌ലാൻഡ് സ്വദേശിനികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരുമാണ് അറസ്റ്റിലായത്.
കുളത്തൂർ കട്ടേല ഭാഗത്തുള്ള വാടകക്കെട്ടിടം എടുത്തായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. വിദേശ വനിതകളെ ഉൾപ്പെടെ എത്തിച്ച് പെൺവാണിഭം നടത്തുന്നതായി തുമ്പ പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ കൃത്യമായ പരിശോധനയിലാണ് പ്രതികൾ വലയിലായത്.