2024-ൽ നടന്ന ഒരു സർവേ പ്രകാരം യുഎഇയിലെ കുട്ടികൾ പ്രതിദിനം ശരാശരി മൂന്ന് മണിക്കൂറോളമാണ് സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നത്. കുട്ടികളിലെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗം ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠന വൈകല്യങ്ങൾ, ചില സന്ദർഭങ്ങളിൽ സംസാരിക്കാനുള്ള വൈകൽ എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎഇ സർക്കാരിന്റെ ശക്തമായ ഇടപെടൽ.
15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങാനോ, ഉപയോഗിക്കാനോ, അതിന്റെ പൂർണ്ണമായ ഫീച്ചറുകൾ ലഭ്യമാക്കാനോ അനുമതിയുണ്ടായിരിക്കില്ല. 15-നും 16-നും ഇടയിൽ പ്രായമുള്ളവർക്ക് ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമെ സമൂഹമാധ്യമങ്ങളിൽ പ്രവേശനം അനുവദിക്കൂ. പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുക, ഉയർന്ന അപകടസാധ്യതയുള്ള ഫീച്ചറുകൾ ഒഴിവാക്കുക, ഉപയോഗ സമയം പരിമിതപ്പെടുത്തുക, മാതാപിതാക്കൾക്ക് നിയന്ത്രിക്കാനുള്ള 'പാരന്റൽ കൺട്രോൾ' ടൂളുകൾ ലഭ്യമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് 12 മാസത്തെ സമയം യുഎഇ ഭരണകൂടം അനുവദിച്ചിട്ടുണ്ട്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിൽ യുകെ, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പാത പിന്തുടർന്നാണ് യുഎഇയും ഇപ്പോൾ ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ 'ഷെയറുകളും', 'ലൈക്കുകളും', 'കമന്റുകളും' തലച്ചോറിലെ റിവാർഡ് സെന്ററുകളെ ഉത്തേജിപ്പിക്കുകയും 'ഡോപമിൻ' എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ കാരണമാകുകയും ചെയ്യുന്നുവെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു. ഇത് ചൂതാട്ടത്തിനോ ലഹരിവസ്തുക്കൾക്കോ അടിമപ്പെടുന്നതിന് സമാനമായ അവസ്ഥ കുട്ടികളിൽ ഉണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ടാണ് കുട്ടികൾ തുടർച്ചയായി സോഷ്യൽ മീഡിയയിലേക്ക് ആകർഷിക്കപ്പെടുന്നതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.