സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ കുടിശികയിലെ ഒരു മാസത്തെ ഗഡു കൂടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിട്ടു. ഒരു മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ മാര്‍ച്ച് 15 മുതല്‍ വിതരണം ചെയ്യും. ഇതോടെ ആറുമാസത്തെ പെന്‍ഷന്‍ കുടിശികയാണ് ഇനി ബാക്കിയുള്ളത്. ഏപ്രില്‍ മുതല്‍ പെന്‍ഷന്‍ വിതരണം കൃത്യമായി നടക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. മസ്റ്ററിംഗ് നടത്തിയ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ തുക ലഭിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. ഏപ്രില്‍ മുതല്‍ അതത് മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കുകയാണെന്നും ധനവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത് തുടരുകയാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ക്ഷേമ പെന്‍ഷന്‍ അടക്കം ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാനം മുന്നോട്ടു പോകുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പ്രാധാന്യത്തില്‍ തന്നെ പരിഹാരം ഉണ്ടാക്കാനും അവരുടെ ആശ്വാസ പദ്ധതികള്‍ കൃത്യമായിതന്നെ നടപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.