മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
ക്രോക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. സൈനിക വേഷത്തിലെത്തിയ അഞ്ചംഗ സംഘം ജനങ്ങൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമികളിൽ ഒരാൾ പിടിയിലായതായാണ് വിവരം. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
വെടിവയ്പിനു പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിനു തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അക്രമികൾ തിരിച്ചെത്തിയതായും ഇസ്ലാമിക് സ്റ്റേറ്റ് വ്യക്തമാക്കി.
ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരത്തോളം പേർ വെടിവയ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആഴ്ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്കോ മേയര്‍ അറിയിച്ചു.