Trending

മഞ്ഞപിത്തവ്യാപനം;ഉപ്പിലിട്ടവയുടെ വിൽപ്പനക്ക് നിരോധനം, താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ വ്യാപക പരിശോധന





മഞ്ഞപിത്തവ്യാപനം;ഉപ്പിലിട്ടവയുടെ വിൽപ്പനക്ക് നിരോധനം, താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ വ്യാപക പരിശോധന

താമരശ്ശേരി: മഞ്ഞപ്പിത്തവും, മറ്റ് പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ കീഴിൽ വ്യാപക  പരിശോധന നടത്തി.


വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ലൈസൻസും, കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റും ഇല്ലാതെ ഇല്ലാതെ പൊടി പടലങ്ങളാൽ ചുറ്റപ്പെട്ട തട്ടുകടകൾ, ഉപ്പിലിട്ടതും, ജ്യൂസും വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലെല്ലാം പരിശോധനടത്തി.

മഞ്ഞപ്പിത്തം വ്യാപിക്കാൻ കാരണം ഉപ്പിലിട്ട വസ്തുക്കളാണെന്ന റിപ്പോർട്ടിനെ തുടർന്ന് ഇവയുടെ വിൽപ്പന പൂർണമായും നിരോധിച്ചിട്ടുണ്ട്.

അനധികൃതമായി പ്രവർത്തിച്ച നിരവധി കടകൾക്ക് പിഴ ചുമത്തി അടച്ചു പൂട്ടാൻ നോട്ടീസ് നൽകി.

നോമ്പുകാലത്ത് മുക്കിന് മുക്കിന് കൂണു പോലെ ഉപ്പിലിട്ടത് വിൽക്കുന്ന കടകൾ മുളച്ച് പൊന്തിയിരുന്നു, ഇത്തരം കടകൾക്കെതിരെ വ്യാപക പരാതി ഉയർന്നു വന്നതിനെ തുടർന്ന് പരിശോധനക്കായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ തന്നെ നേരിട്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം രംഗത്തിറങ്ങി.

ഉപ്പിലിട്ട പഴവർഗ്ഗങ്ങൾ, കുലുക്കി സർബത്ത്, ദംഡോസ, മസാല സോഡ, എരിവും പുളിയും മറ്റ് മസാലക്കൂട്ടുകൾ ചേർത്തുള്ള പാനീയങ്ങൾ എന്നിവയുടെ വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.

 എരിപും, പുളിയും മറ്റ് മസാലക്കൂട്ടുകൾ ചേർത്തുള്ള പാനീയങ്ങൾ കിഡ്നി, കരൾ എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

മഞ്ഞപ്പിത്തം അടക്കമുള്ള രോഗ ഭീഷണി നേരിടുന്ന അവസരത്തിൽ ഇത്തരം പാനീയങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം, കുടിച്ചതിനു ശേഷം ഗ്ലാസുകൾ കഴുകുന്ന രീതി എന്നിവയും ആരോഗ്യ വകുപ്പ് പരിശോധിച്ചു. മിക്കയിടങ്ങളിലും ആളുകൾ കുടിച്ച ഗ്ലാസുകൾ ഒരു ബക്കറ്റിലിട്ടാണ് കഴുകുന്നത്, ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.


ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പഞ്ചായത്തി രാജ് ആക്ട്, പബ്ലിക് ഹെൽത്ത് ആക്ട്, ഐ പി സി ആക്ട് തുടങ്ങിയവ പ്രകാരം നടപടി സ്വീകരിക്കും


ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഹെൽത്ത് ഇൻസ്പെക്ടർ
സുരേഷ് കുമാർ ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സമീർ, ജെ.എച്ച്ഐ ഗിരീഷ്, വിജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Post a Comment

Previous Post Next Post