Trending

ഗുരുവായൂർ ദേവസ്വത്തിനെതിരായ സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങൾ പൊളിയുന്നു; സഹകരണ ബാങ്കുകളിൽ ദേവസ്യത്തിന് നിക്ഷേപമില്ല






ഗുരുവായൂർ ദേവസ്വത്തിനെതിരായ സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങൾ പൊളിയുന്നു. സഹകരണ ബാങ്കിൽ നിക്ഷേപിച്ച ഗുരുവായൂർ ദേവസ്വത്തിന്റെ 450 കോടി രൂപ കാണാനില്ലെന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണെന്ന് ദേവസ്വം ഭരണ സമിതി. ഗുരുവായൂർ ദേവസ്വത്തിന് സഹകരണ ബാങ്കുകളിലൊന്നും നിക്ഷേപമില്ലെന്ന് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ഹൈന്ദവ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം സംഘപരിവാർ വീണ്ടും തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഗുരുവായൂർ ദേവസ്വത്തിന് സഹകരണ ബാങ്കിലുണ്ടായിരുന്ന 450 കോടി രൂപയുടെ നിക്ഷേപം കാണാതായി എന്ന സോഷ്യൽ മീഡിയ പ്രചരണം. ഭക്തന്മാർക്കിടയിൽ ആശങ്ക ഉണ്ടാക്കാൻ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളാണിതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വത്തിന് ദേശസാൽകൃത ബാങ്കുകളിലും, ഷെഡ്യൂൾഡ് ബാങ്കുകളിലും മാത്രമാണ് നിക്ഷേപം ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.


ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട മറ്റു ക്ഷേത്രങ്ങളിലെ ദൈനംദിന വരവുപോലും സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നില്ല. കുറച്ചുനാളുകളായി ഗുരുവായൂർ ദേവസ്വത്തെ തരംതാഴ്ത്തി കാണിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പ്രചരണങ്ങൾ എന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ദേവസ്വം ഭരണസമിതി. യഥാർത്ഥ വസ്തുതകൾ ദേവസ്വം ഭരണ സമിതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ സംഘപരിവാറിന്റെ ഒരു വ്യാജ പ്രചരണം കൂടി പൊളിഞ്ഞു വീണിരിക്കുകയാണ്.




Post a Comment

Previous Post Next Post