പത്തനംതിട്ട പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമണ്‍ സ്കൂളിലെ അധ്യാപിക നൂറനാട് സ്വദേശി അനുജ, ചാരുമ്മൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. സഹ അധ്യാപകര്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞു മടങ്ങി വന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ട് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഹാഷിം അമിത വേഗതയില്‍ ടിപ്പറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. രണ്ടുപേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു
സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം എത്തി കൂട്ടിക്കൊണ്ടുപോയത്. സഹോദരനാണ് എന്നാണ് ഹാഷിം പറഞ്ഞത്. കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികത ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.