Trending

ഈനാട് ഗ്രൂപ്പ് തലവനും, റോമോജി ഫിലിംസിറ്റി സ്ഥാപകനുമായ റാമോജി റാവു അന്തരിച്ചു







ഈനാട് ഗ്രൂപ്പ് തലവന്‍ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. റാമോജി റാവു ഫിലിം സിറ്റി സ്ഥാപകനാണ്. ഈനാട് ദിനപ്പത്രം, ഇ.ടിവി നെറ്റ്‌വര്‍ക്ക് എന്നിവയുടെ ഉടമയാണ്. രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.

മൃതദേഹം റാമോജി ഫിലിം സിറ്റിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്

സിനിമയുടെ അദ്‌ഭുതോദ്യാനം

ഫ്ലാഷ് ബാക്കിൽ ആന്ധ്രാപ്രദേശിലെ കൃഷ്‌ണജില്ലയിലെ ഗുഡിവാഡ ഗ്രാമം. അവിടത്തെ ഒരു കർഷകകുടുംബത്തിലെ മൂന്നു മക്കളിൽ ഇളയവനായി റാമോജി എന്നൊരു ബാലൻ. അച്‌ഛനമ്മമാർക്ക് രണ്ട് പെൺകുട്ടികൾ കഴിഞ്ഞ് എട്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷം ഉണ്ടായ മകൻ. അവൻ അഞ്ചു കിലോമീറ്റർ അപ്പുറത്തുള്ള ടാക്കീസിലേക്ക് ദിവസവും സൈക്കിൾ ചവിട്ടി പോകും. ഇരുട്ടുമുറിയിൽ വലിച്ചുകെട്ടിയ ആ വെള്ളത്തുണിയിൽ നിഴലും നിറങ്ങളും ചേർന്നു പറയുന്ന കഥകൾ കണ്ട് ആവേശം കൊള്ളും. അധ്വാനിച്ചു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് സിനിമയ്‌ക്കുവേണ്ടി ചെലവഴിക്കുന്ന ഗ്രാമീണർ. അകത്ത് ചലച്ചിത്രം ഓടുന്നു; കൗണ്ടറിൽ പണം കുമിയുന്നു...

റാമോജി മുതിർന്നപ്പോൾ മാർഗദർശി എന്ന പേരിൽ ഒരു ചിട്ടിക്കമ്പനി തുടങ്ങി. അത് വളർന്നുതഴച്ചു. നിർധനരായ കർഷകർ വായ്‌പയെടുത്ത ലക്ഷകണക്കിന് രൂപ താൻ എഴുതിത്തള്ളിയിട്ടുണ്ടെന്ന് റാമോജി പറയുമ്പോഴാണ് മാർഗദർശിയെന്ന പേരിന്റെ വ്യാപ്‌തി അറിയുക. ചിട്ടിക്കമ്പനിയിൽനിന്നുണ്ടാക്കിയ ലാഭവുമായി അദ്ദേഹം ഉഷാകിരൺ മൂവീസ് എന്ന സിനിമാക്കമ്പനി തുടങ്ങി. ആ ബാനറിൽ തുടർച്ചയായി 85 സിനിമകൾ ജനിച്ചു. സിനിമയുടെ ടൈറ്റിലുകൾക്കൊപ്പം പ്രൊഡ്യൂസ്‌ഡ് ബൈ റാമോജിറാവു എന്ന് സ്‌ക്രീനിൽ തെളിഞ്ഞുകൊണ്ടേ ഇരുന്നു. സിനിമയ്‌ക്ക് ഒരു ഗുണമുണ്ട്. അത് കലാകാരന്മാരെ മാത്രമല്ല, പണക്കാരെയും പ്രശസ്‌തരാക്കുന്നു. അദ്ദേഹം പിന്നീട് ‘ഈ നാടു’ എന്ന തെലുങ്ക് പത്രവും തുടങ്ങി. 18 ലക്ഷം കോപ്പി അടിക്കുന്ന ‘ഈ നാടു’വിന്റെ ചീഫ് എഡിറ്ററായും ഇന്ന് റാമോജി തെളിഞ്ഞു നിൽക്കുന്നു.

"ഈനാട് ദിനപ്പത്രം, ഇ.ടിവി നെറ്റ്‌വര്‍ക്ക് എന്നിവയുടെ ഉടമ "

ഫിലിം സിറ്റിയിലെ മലമുകളിലെ ബംഗ്ലാവിൽ റാമോജിയുടെ മുറിയിൽ എന്നും പുലർച്ചെ മൂന്നരയ്‌ക്ക് വെളിച്ചം തെളിയും. അപ്പോഴേക്കും ‘ഈ നാടു’ പത്രത്തിന്റെ 27 എഡിഷനുകളും മുറിയിലെത്തിയിട്ടുണ്ടാവും. പുലർച്ചെ നാലു മണിക്ക് പത്രവായന നിർബന്ധം.

പ്രിയ ഫുഡ്‌സ്, ഡോൾഫിൻ ഹോട്ടൽ ഗ്രൂപ്പ്, ഇ.ടി.വി... റാവുവിന്റെ ബിസിനസ് സാമ്രാജ്യം വലുതായിക്കൊണ്ടേയിരിക്കുന്നു. എന്നാൽ ഫിലിം സിറ്റി എന്ന ആശയത്തിനു പിന്നിൽ താനനുഭവിച്ച ചില വിഷമതകളാണ് കാരണമെന്ന് അദ്ദേഹം പറയുന്നു. സിനിമാനിർമാതാവെന്ന നിലയിൽ ഷൂട്ടിങ്ങിനിടയിൽ നൂറു കാര്യങ്ങൾക്കായുള്ള ഓട്ടം. ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്ക് യൂണിറ്റിനെ പറിച്ചു നടുമ്പോഴുള്ള സാമ്പത്തികച്ചെലവ്. മാനസിക സമ്മർദം കാരണം ഉറക്കം വരാത്ത രാത്രികളിലൊന്നിൽ റാമോജി ഒരു കിനാവു കണ്ടു. സിനിമയുടെ എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ വരുന്ന ഒരു നഗരം. അത് യാഥാർഥ്യമാകാൻ പിന്നീട് അധികം വൈകിയില്ല. 1997 ൽ ഫിലിം സിറ്റി യാഥാർഥ്യമായി.

‘സ്‌ക്രിപ്‌റ്റുമായി വരൂ... നിങ്ങൾക്ക് സിനിമാപ്പെട്ടിയുമായി പോകാം.’ ഫിലിം സിറ്റിയെക്കുറിച്ച് റാമോജിയുടെ കിടിലൻ ഡയലോഗാണിത്. സത്യമാണ്. സിനിമയ്‌ക്കു വേണ്ട എല്ലാം ഇവിടെയുണ്ട്. അഥവാ ഇല്ലെങ്കിൽ സ്‌ക്രിപ്‌റ്റ് ആവശ്യപ്പെടുന്ന, സൂര്യനു കീഴിലുള്ള എന്തും ഫിലിം സിറ്റിയിലെ കലാകാരന്മാരും സാങ്കേതികവിദഗ്‌ധരും ഞൊടിയിടയിൽ നിർമിച്ചു തരും. അതുകൊണ്ടു തന്നെയാണ് പ്രൊഡ്യൂസർമാരും സംവിധായകരും ഇപ്പോഴും ഫിലിംസിറ്റിയിലേക്ക് ക്യാമറ തിരിക്കുന്നത്. ഒരു ദിവസം കുറഞ്ഞത് 20 സിനിമകളെങ്കിലും ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്യുന്നുണ്ട്.


സിനിമാക്കാർക്ക് മാത്രമല്ല, ഇപ്പോൾ വിനോദസഞ്ചാരികളുടെയും ഇഷ്‌ടലൊക്കേഷനാണ് ഫിലിംസിറ്റി. 700 രൂപ കൊടുത്താൽ ഒരായുഷ്‌കാലം മനസ്സിൽകൊണ്ടു നടക്കാനുള്ള ഓർമകൾ ഈ സിനിമാനഗരം നിങ്ങൾക്ക് പൊതിഞ്ഞുതരും. സിനിമയുടെ പിന്നാമ്പുറങ്ങളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടു പോകും. സിനിമാനിർമാണത്തിന്റെ എല്ലാവശങ്ങളും സാധാരണക്കാരന് മനസ്സിലാക്കിക്കൊടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സിനിമാ തീംപാർക്കായ റാമോജി ഫിലിംസിറ്റി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയിട്ടുണ്ട്. ഈ നഗരം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5,000 പേർ നിത്യവും എത്തുന്നു



Post a Comment

Previous Post Next Post