ദുരന്തമുണ്ടായി അഞ്ചാംനാളിലും തിരച്ചില്‍ തുടരുകയാണ്. ഇരുന്നൂറ്റി അന്‍പതില്‍പ്പരം ആളുകളെയാണ് ഇനി കണ്ടെത്താനുളളത്. ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും ഊര്‍ജിത തിരച്ചില്‍ നടത്തിവരുകയാണ്. മുണ്ടക്കൈ മേഖലയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ റഡാര്‍ പരിശോധന വിപുലമാക്കും. സൈന്യവും എന്‍ഡിആര്‍എഫും അടക്കം രണ്ടായിരത്തോളം പേര്‍ ഇന്നും ദൗത്യത്തിന്റെ ഭാഗമാകും.
തിരച്ചിലിന് അത്യാധുനിക ഡ്രോണ്‍ വൈകിട്ട് വിമാനമാര്‍ഗം എത്തിക്കുമെന്ന് വയനാട് കലക്ടര്‍ മേഘശ്രീ. കൂടുതല്‍ കഡാവര്‍ നായ്ക്കളെ എത്തിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
നടന്‍ മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തഭൂമിയില്‍. ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ എത്തിയത്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. സൈനികരെയും മോഹൻലാൽ കണ്ടു. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.
അതേ സമയം രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തേക്ക് പാകം ചെയ്തി ഭക്ഷണം എത്തിക്കേണ്ടതില്ലെന്ന് കലക്ടർ അറിയിച്ചു.