അന്തർ സംസ്ഥാന കവർച്ച സംഘത്തെ പിടികൂടി പേരാമ്പ്ര പോലീസ്. കുഴൽപ്പണം എത്തിക്കുന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു സംഘം ചേർന്ന് ആക്രമിച്ചു പണം തട്ടുന്ന കവർച്ചാ സംഘത്തെയാണ് പേരാമ്പ്ര പോലീസ് മാഹിയിൽ നിന്നും പിടികൂടിയത്.പോണ്ടിച്ചേരി സ്വദേശികളായ വിനോദ്(21), മാരിയൻ(24), ശ്രീറാം(21), മാഹി സ്വദേശി ഷിജിൻ(35) തുടങ്ങിയവരാണ് അറസ്റ്റിലായത്. ബൈക്കിൽ എത്തുന്ന കുഴൽപ്പണ വിതരണക്കാരെ മർദിച്ച് ഇവരുടെ വാഹനത്തിൽ കയറ്റി പണം കൈക്കലാക്കി അവരെ വഴിയിൽ ഉപേക്ഷിച്ചു മുങ്ങുന്നതാണ് ഇവരുടെ രീതി. സമാനരീതിയിൽ സെപ്റ്റംബർ 10 ന് കടമേരി സ്വദേശി ജൈസനെ സംഘം ആക്രമിച്ച് 7 ലക്ഷം രൂപ കവർന്നിരുന്നു. പിന്നീട് ഇയാളെ വെള്ളിയൂരിൽ ഉപേക്ഷിച്ചിരുന്നു.
തുടർന്ന് പേലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തിയെങ്കിലും നമ്പർ വ്യാജമായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അസൂത്രിതമായ നീക്കത്തിലൂടെയാണ് മാഹിയിലെ ലോഡ്‌ജിൽ നിന്ന് പ്രതികളെ പിടികൂടിയത്. പേരാമ്പ്ര ഡി.വൈ.എസ്.പി കെ.കെ. ലതീഷ്, ഇൻസ്പെക്ടർ ജംഷിദ്.പി എന്നിവരുടെ നിർദേശ പ്രകാരം പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്‌ടർ ഷമീർ, എസ്.സി.പി.ഓ മാരായ സുനിൽ കുമാർ സി.എം, വിനീഷ്, സി.പി.ഓ ശ്രീജിത്ത് വിസി തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.