താമരശ്ശേരി : വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ നിർദ്ദിഷ്ട വയനാട് ചുരം ബൈപാസ് (ചിപ്പിലിത്തോട് - മരുതിലാവ്- തളിപ്പുഴ) റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിൻ്റോ ജോസഫിൻ്റെ അദ ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
താമരശ്ശേരിയിൽ ചേർന്ന അവലോകന യോഗം താമരശ്ശേരി രൂപത ബിഷപ് മാർ . റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.
ദേശീയപാത കോഴിക്കോട് മുതൽ മുത്തങ്ങ വരെ നാല് വരി പാതയാക്കി വികസപ്പിക്കുന്ന പദ്ധതി ഫലപ്രദമാവണമെങ്കിൽ ചുരത്തിൽ ബൈപാസ് വേണമെന്ന് ബിഷപ് പറഞ്ഞു.മലയോര ജനതയുടെ യാത്രാദുരിതത്തിന് പരിഹാരമായ ചുരം ബൈപാസ് യാഥാർഥ്യമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചുരത്തിലെ യാത്രാദുരിതത്തിന് നിർദിഷ്ട ബൈപാസ് അനിവാര്യമാണെന്നും അതിനു വേണ്ടി സംസ്ഥാന സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ സാധ്യത പഠനത്തിനു വേണ്ടി ഫണ്ട് വകയിരുത്തിയതായും യോഗത്തിൽ അധ്യക്ഷത വഹിച്ച ലിൻ്റോ ജോസഫ് എം എൽ എ പറഞ്ഞു. ബൈപാസ് യാഥാർഥ്യമാക്കുന്നതിന് നാടിനൊപ്പം നിലകൊള്ളുമെന്നും എം എൽ എ വ്യക്തമാക്കി.യോഗത്തിൽ ഗതാഗത മന്ത്രാലയം തിരുവനന്തപുരം റീജിണൽ ഓഫീസർ (RO) ബി.ടി.ശ്രീധര, ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.വിനയരാജ്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നജ്മുന്നീസ ഷെരീഫ്. വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ.ഹുസൈൻ കുട്ടി, ജനറൽ കൺവീനർ ടി.ആർ.ഓമനക്കുട്ടൻ, ഗിരീഷ് തേവള്ളി, കെ.സി.വേലായുധൻ, ജോണി പാറ്റാനി, വി.കെ.മൊയ്തു മുട്ടായി, സൈദ് തളിപ്പുഴ, റെജി ജോസഫ്, വി.കെ അഷറഫ്, റാഷി താമരശ്ശേരി, അഷറഫ് വൈത്തിരി, ഷാജഹാൻ തളിപ്പുഴ, സി.സി. തോമസ്, പി.കെ. സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.