എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിൻ്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്. അതേസമയം, ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് ദുരൂഹമായി തുടരുകയാണ്. അതേസമയം, തൃശൂർ പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ടിനോട് ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന് വിയോജിപ്പുള്ളതായാണ് വിവരം. പൂരം അലങ്കോലപ്പെട്ടപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം ഉന്നയിച്ചാണ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ ചില നിക്ഷിപ്ത താൽപര്യക്കാരുണ്ടെന്നാണ് എഡിജിപിയുടെ കണ്ടെത്തൽ.
സിപിഐയും കോൺഗ്രസും ഉന്നയിച്ച സംശയങ്ങാണ് എംആർ അജിത് കുമാറിൻറെ റിപ്പോർട്ടിനെതിരെ ഡിജിപിയും ഉന്നയിക്കുന്നത്. പൂരത്തിന് മുമ്പേ എഡിജിപി നേരിട്ട് സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. പൂരം അലങ്കോലപ്പെടുന്ന ദിവസും എഡിജിപി സ്ഥലത്തുണ്ട്. ക്രമസമാധാന പാലനത്തിലെ പ്രാവീണ്യവും മുൻ അനുഭവങ്ങളുമുണ്ടായിട്ടും ഇടപെട്ടില്ല. ഒരാഴ്ച കൊണ്ട് തീർക്കേണ്ട അന്വേഷണം അഞ്ച് മാസത്തോളം നീണ്ടു. പൂരം കലക്കിയതിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് പങ്കുള്ളതായി എഡിജിപി പറയുന്നില്ല. പക്ഷേ തിരുവമ്പാടി ദേവസ്വത്തിൻറെ പങ്കിനെ കുറിച്ച് റിപ്പോട്ടിൽ സംശയമുന്നയിക്കുന്നു. രാത്രി 12.30ക്ക് ബാരിക്കേഡുകൾ സ്ഥാപിച്ച ശേഷമാണ് പൊലീസുമായി പ്രശ്നങ്ങളുണ്ടാകുന്നത്. പിന്നാലെ ഡിഐജി ഉൾപ്പെടെയെത്തി അനുനയ ചർച്ചകൾ നടത്തി.