മദ്യലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; നടൻ ബൈജു സന്തോഷിനെ അറസ്റ്റു ചെയ്തു
byWeb Desk•
0
മദ്യലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചതിന് നടൻ ബൈജു സന്തോഷിനെ അറസ്റ്റു ചെയ്തു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവം. മ്യൂസിയം പൊലീസ് ആണ് അറസ്റ്റു ചെയ്തത്. മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ചായിരുന്നു അപകടം ഉണ്ടായത്.
സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം വളരെ മോശമായി പെരുമാറിയെന്നാണ് സ്‌കൂട്ടർ യാത്രികൻ പരാതിയിൽ പറയുന്നു. വണ്ടിയാകുമ്പോൾ തട്ടുകയും മുട്ടുകയും ചെയ്യും അതിനിപ്പോൾ എന്താണെന്നായിരുന്നു ബൈജു പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരോടായിരുന്നു നടന്റെ പ്രതികരണം. കൂടാതെ കയർക്കുകയും ചെയ്തു. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി കേസെടുത്തെങ്കിലും ബൈജു പൊലീസുകാരോട് സഹകരിച്ചില്ല.
വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ രക്ത സാമ്പിൾ നൽകാനും നടൻ വിസമ്മതിച്ചു. ഡോക്ടറെ അസഭ്യം പറഞ്ഞതായും പറയുന്നു. ഇതിന് ശേഷം മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നെന്നും ബൈജു തയാറാകാത്തതിനാൽ വൈദ്യ പരിശോധന നടത്താൻ കഴിഞ്ഞില്ലെന്ന് ഡോക്ടർ പൊലീസിന് റിപ്പോർട്ട് നൽകി.തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്