കോഴിക്കോട്: ഹൈസ്കൂള്‍ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത് വർഷം തടവും പിഴയുംശിക്ഷ വിധിച്ചു.2022 ജനുവരി മൂതല്‍ പല ദിവസങ്ങളിലായി മയക്കുമരുന്ന് നല്‍കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് കൊല്ലം പരവൂർ തൊടിയില്‍ അൻസാർ എന്ന നാസറിനെ (62) കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളി വിവിധ വകുപ്പുകളിലായി 37 വർഷം കഠിന തടവിനും 85,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒന്നിച്ച് ഇരുപത് വർഷം അനുഭവിച്ചാല്‍ മതി. പിഴസംഖ്യയില്‍നിന്ന് 50,000 രൂപ കുട്ടിക്ക് നല്‍കുന്നതിനും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ പതിനൊന്ന് മാസംകൂടി അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത് ഹാജരായി.
കുട്ടിയെ രക്ഷിതാക്കള്‍ ലഹരിമുക്ത ചികിത്സക്ക് വിധേയമാക്കി വരുന്നതിനിടയിൽ വീണ്ടും മയക്കുമരുന്ന് നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചു വരുത്തിയെന്ന് രക്ഷിതാവ് കസബ പൊലീസിൽപരാതി നൽകിയിരുന്നു.ഇതിൻറെ അടിസ്ഥാനത്തിൽ കോഴിക്കോട് കസബ പോലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്നുമായി നാസറിനെ പിടികൂടുകയായിരുന്നു. കസബ ഇൻസ്പെക്ടർ എൻ. പ്രജീഷ് ആദ്യം അന്വേഷണം നടത്തിയ കേസില്‍ പീഡനം മെഡിക്കല്‍ കോളജ് സ്റ്റേഷൻ പരിധിയിലായതിനാല്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ കേസ് റീരജിസ്റ്റർ ചെയ്തു.
ഇൻസ്പെക്ടർ എം.എല്‍. ബെന്നിലാലു, സബ് ഇൻസ്പെക്ടർ വി. മനോജ്കുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.