Trending

‘തീപ്പെട്ടിയുണ്ടോ ചേട്ടാ’; കഞ്ചാവുബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർഥികൾ എക്സൈസ് ഓഫിസിൽ





കഞ്ചാവു വലിക്കാനുള്ള തിടുക്കത്തില്‍ ചുറ്റും പരതി, കണ്ടത് കുറെ പൊടിപിടിച്ച വണ്ടികള്‍ കിടക്കുന്ന വര്‍ക് ഷോപ്പ്, ആഹാ എങ്കില്‍ ഇവിടെത്തന്നെ കാണും തീപ്പെട്ടിയെന്നു കരുതി കയറിയതാ, കയറിക്കഴിഞ്ഞാണ് പണിപാളിയെന്ന് സ്കൂള്‍ കുട്ടികളറിഞ്ഞത്. 
‘ചേട്ടാ തീപ്പെട്ടിയുണ്ടോ?’എന്ന ചോദ്യവുമായാണ് സംഘത്തിന്റെ വരവ്...കഞ്ചാവുബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർഥികളെത്തിയത് അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിന്റെ പുറകുവശത്തായിരുന്നു. തൃശൂരിലെ സ്കൂളിൽനിന്നു മൂന്നാറിലേക്കു ടൂർ പോയ വിദ്യാർഥിസംഘത്തിലെ ചിലരാണ് എക്സൈസ് ഓഫിസ് ആണെന്നറിയാതെ ‘തീ’ തേടിയിറങ്ങി കുടുങ്ങിയത്.

മുറിക്കുള്ളിലേക്ക് കയറിയതോടെയാണ് പണി കഞ്ചാവുബീഡിയില്‍ കിട്ടിയത് പാവം കുട്ടിലഹരിക്കാരറിഞ്ഞത്.  അകത്തേ മുറിയിലെല്ലാം യൂണിഫോമിട്ടവരാണോ എന്നൊരു സംശയം. ഒന്നും നോക്കിയില്ല, തിരിഞ്ഞോടി, പിന്നാലെ ഉദ്യോഗസ്ഥരും. എല്ലാവരെയും തടഞ്ഞുനിര്‍ത്തി. സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി.ചിറയാത്തിന്റെ പരിശോധനയിൽ ഒരു കുട്ടിയുടെ പക്കൽ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ കയ്യിൽനിന്ന് ഒരു ഗ്രാം ഹഷീഷ് ഓയിലും കണ്ടെടുത്തു.
ഓഫിസിന്റെ പിൻവശത്തു കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നതുകണ്ട് വർക്‌ഷോപ്പാണെന്നു കരുതിയാണു കയറിയതെന്നു കുട്ടികൾ പറഞ്ഞതായി എക്സൈസ് അറിയിച്ചു. പിൻവശത്തുകൂടി കയറിയതിനാ‍ൽ ഓഫിസ് ബോർഡ് കണ്ടില്ല.കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ വിവരമറിയിച്ചു. വിദ്യാർഥികൾക്കു കൗൺസലിങ് നൽകി. മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാർഥികൾക്കെതിരെ കേസുമെടുത്തു. 

Post a Comment

Previous Post Next Post