Trending

രത്തൻ ടാറ്റ അന്തരിച്ചു



പ്രമുഖ വ്യവസായിയും ടാറ്റാ സൺസിൻ്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മുബൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എന്നാൽ ആരോഗ്യവാനാണെന്നും നിലവിൽ ആശങ്കപ്പെടാനില്ലെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം രത്തൻ ടാറ്റ എക്സിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇന്ത്യൻ വ്യവസായി എന്നതിലുപരി ഒപ്പമുള്ള മനസുകളെ അടുത്തറിയാൻ കഴിവുള്ള നല്ലൊരു മനുഷ്യ സ്നേഹിയെന്നാണ് രത്തൻ ടാറ്റയെന്ന വ്യവസായ പ്രമുഖനെ രാജ്യം അടയാളപ്പെടുത്തുന്നത്. വരുമാനത്തിൻ്റെ സിംഹഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിട്ടാണ് രത്തൻ ടാറ്റ ചെലവഴിച്ചിരുന്നത്.

1937 ഡിസംബർ 28 ന് നവൽ ഹോർമുസ്ജി ടാറ്റ, സൂനി ടാറ്റ എന്നീ ദമ്പതികളുടെ മകനായി മുംബൈയിൽ ജനനം.


ജിമ്മി ടാറ്റ, നോയൽ ടാറ്റ എന്നിവരാണ് സഹോദരങ്ങൾ. ടാറ്റ ഗ്രൂപ്പിൻ്റെ സ്ഥാപകൻ ജംസെട്ജി ടാറ്റയുടെ മകൻ രത്തൻജി ടാറ്റയുടെ ദത്തുമകനായ നവൽ ടാറ്റയുടെ മകൻ കൂടിയാണ് രത്തൻ ടാറ്റ.

കോർണൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ആർക്കിടെക്ചറിൽ നിന്ന് ബിരുദം സ്വന്തമാക്കിയ ശേഷം 1961 ൽ ടാറ്റയുടെ കീഴിലുള്ള ടാറ്റ സ്റ്റീലിൽ ചേർന്നു. 1991 മാർച്ചിൽ ടാറ്റ ഗ്രൂപ്പ് ചെയർമാനായി സ്ഥാനമേറ്റു. 2012ലാണ് ചെയർമാൻ സ്ഥാനത്തുനിന്ന് വിരമിച്ചത്. 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ടാറ്റയുടെ ഇടക്കാല ചെയർമാനായും സേവനമനുഷ്ഠിച്ചു.

രത്തൻ ടാറ്റയുടെ കാലത്താണ് ടാറ്റ ഗ്രൂപ്പ് അതിൻ്റെ ഏറ്റവും മികച്ച തലത്തിലേക്കെത്തുന്നതും വളർച്ച പ്രാപിക്കുന്നതും. ടാറ്റ ടീ, ടെറ്റ്ലിയെയും, ടാറ്റ മോട്ടോഴ്സ്, ലാൻഡ് റോവറും, ടാറ്റ സ്റ്റീൽ, കോറസും ഏറ്റെടുത്തതോടെ ടാറ്റ ഗ്രൂപ്പ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. സാധാരണക്കാരൻ്റെ മിടിപ്പറിയാനും അതിനെ നല്ല കച്ചവടമാക്കി മാറ്റാനും ടാറ്റയ്ക്ക് കഴിയുമെന്നതിൻ്റെ മറ്റൊരു തെളിവായിരുന്നു നാനോ കാറിൻ്റെ ഉത്പാദനം.

അനവധി അവാർഡുകൾ ലഭിച്ചിട്ടുള്ള രത്തൻ ടാറ്റയെ രാജ്യം 2000 ൽ പത്മഭൂഷണും 2008 ൽ പത്മവിഭൂഷണും നൽകി ആദരിച്ചു.



Post a Comment

Previous Post Next Post