താമരശ്ശേരി: കെ.എസ്.ആർ.ടി.സി മിന്നൽ ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണോത്ത് കാപ്പാട്ടുമ്മൽ ശ്രീരാജി(24)നെയാണ് എസ്.ഐ ആർ.സി ബിജുവിന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്തു.
മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന മിന്നൽ ബസ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ കൈതപ്പൊയിലിൽ വെച്ച് തടഞ്ഞ് അക്രമം നടത്തിയെന്ന പരാതിയിലാണ് നിയമനടപടി. ഡ്രൈവർ മദ്യപിച്ചാണ് ബസ് ഓടിക്കുന്നതെന്ന് പറഞ്ഞ് സ്‌കൂട്ടർ യാത്രികനായ ശ്രീരാജ് കൈതപ്പൊയിലിൽ വെച്ച് ബസ് തടഞ്ഞ് നിർത്തി ഡ്രൈവർ ഡ്യൂട്ടിയിലുണ്ടായിരുന്ന തോംസൺ പോളിനെ ഹെൽമറ്റ് കൊണ്ട് കാലിനടിക്കുകയും, കണ്ടക്ടർ കെ.ബി.ബൈജുവിനെ മറ്റൊരു യുവാവ് കൈ കൊണ്ട് മർദിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.
വയനാട് കാക്കവയൽ സ്വദേശിയായ കണ്ടക്ടർ കെ.ബി.ബൈജുവിന്റെ പരാതിയിൽ ശ്രീരാജിനും ഒപ്പമുണ്ടായിരുന്ന യുവാവിനും പുറമെ സംഭവസമയത്ത് സ്ഥലത്തെത്തിയ കണ്ടാലറിയാവുന്ന മറ്റ് അഞ്ചോളം പേർക്കെതിരെയും താമരശ്ശേരി പോലീസ് കേസെടുത്തു. ന്യായവിരുദ്ധമായി സംഘം ചേർന്ന് ബസ് തടഞ്ഞ് ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും, ട്രിപ്പ് മുടക്കി കെ.എസ്.ആർ.ടി.സിക്ക് അമ്പതിനായിരം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് ഇവർക്കെതിരായ പരാതി.