മുക്കം : ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ ഭർത്താവും ഭർതൃപിതാവും പങ്കിട്ട് താമസിച്ചിരുന്ന വീട്ടിൽ പ്രവേശിക്കുന്നത് കോടതി തടഞ്ഞു.
ഭർത്താവ് താഴെക്കോട് പുതുക്കും ചാലിൽ ആസിഫ്, ഭർതൃപിതാവ് മുഹമ്മദ് എന്നിവർക്കെതിരെ ആസിഫിന്റെ ഭാര്യ ഗാർഹിക പീഡന സംരക്ഷണ നിയമം പ്രകാരം നൽകിയ പരാതിയിലാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
പരാതിക്കാരിയെയും കുട്ടികളെയും ഗാർഹിക അതിക്രമങ്ങൾക്ക് വിധേയമാക്കുന്നത് തടഞ്ഞ് മുൻപ് കോടതി ഉത്തരവിട്ടിരുന്നു.
പ്രസ്തുത സംരക്ഷണ ഉത്തരവ് നിലവിലിരിക്കെ ഭർത്താവും ബന്ധുക്കളും പരാതിക്കാരി താമസിക്കുന്ന വീട്ടിൽ വന്ന് പരാതികാരിയെയും കുട്ടികളെയും ദേഹോപദ്രവം ഏൽപ്പിച്ചതിനെത്തുടർന്ന് ഭർത്താവും ഭർതൃപിതാവും വീട്ടിൽ പ്രവേശിക്കുന്നത് തടയണമെന്ന ആവശ്യവുമായാണ് പരാതിക്കാരി കോടതി സമീപിച്ചത്.
പരാതിക്കാരിക്ക് വേണ്ടി അഡ്വക്കേറ്റ് അൻവർ സാദിഖ്. വി. കെ. കോടതിയിൽ ഹാജരായി.