താമരശ്ശേരി: മുംബൈ സ്വദേശിയായ വ്യവസായിക്കുവന്ന പാര്‍സലില്‍ എം.ഡി.എം.എ. ഉണ്ടെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി 3.48 കോടി രൂപ തട്ടിയെടുത്ത കേസിന്റെ പണമിടപാടില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ മൂന്നു പേർ താമരശ്ശേരിയില്‍ മഹാരാഷ്ട്ര പോലിസിസ് കസ്റ്റഡിയില്‍. മുംബൈ ജോറഗൗണ്‍ എ.സി.എം.ഇ. കോംപ്ലക്സില്‍ താമസിക്കുന്ന എം.എന്‍. സഞ്ജയ് സുന്ദര(57)ത്തിന്റെ പരാതിയില്‍ മുംബൈ സൈബര്‍ പോലീസ് സ്റ്റേഷനില്‍ (ഉത്തരമേഖല) രജിസ്റ്റര്‍ചെയ്ത കേസിലാണ് നടപടി. താമരശ്ശേരിയില്‍നിന്ന് കസ്റ്റഡിയിലെടുത്തവര്‍ക്ക് ഈ തട്ടിപ്പുകേസുമായി നേരിട്ട് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.
താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പരപ്പന്‍പൊയില്‍ കൂടത്തമ്പലത്തു വീട്ടില്‍ സി. മുഹ്സിന്‍ (53), പരപ്പന്‍പൊയില്‍ കല്ലുവെട്ടുകുഴിയില്‍ അമീര്‍ ഷാദ് (28), കൊടുവള്ളി മാനിപുരം പൂക്കോട്ടുപറമ്പത്ത് വീട്ടില്‍ അന്‍വര്‍ ഷാദ് (44) എന്നിവരെയാണ് മുംബൈ പോലീസ് ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ താമരശ്ശേരി പോലീസിന്റെ സഹായത്തോടെയാണ് മുംബൈ പോലീസ് മൂവരെയും കസ്റ്റഡിയിലെടുത്തത്
വ്യവസായിയെ ഭീഷണിപ്പെടുത്തി തട്ടിയ പണത്തില്‍ 85 ലക്ഷം രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ വിനിമയംചെയ്തുവെന്നതാണ് കുറ്റം. കുറ്റാരോപിതനായ മറ്റൊരു യുവാവ് പോലീസിനെക്കണ്ട് കടന്നുകളഞ്ഞു. താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും ട്രാന്‍സിറ്റ് വാറന്റ് വാങ്ങി ചോദ്യംചെയ്യലിനായി പോലീസ് മുംബൈയിലേക്ക് കൊണ്ടുപോയി.
സി.ബി.ഐ ഉദ്യോഗസ്ഥരാണെന്ന് കബളിപ്പിച്ച് ഓണ്‍ലൈന്‍ ഇടപാടിലൂടെ മുംബൈയില്‍ പണം തട്ടിയ കേസാണിത്.സഞ്ജയ് സുന്ദരം അമ്മയ്ക്ക് മരുന്നുവരുത്തിയ പാര്‍സലില്‍ എം.ഡി.എം.എ. ഉണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പുനടന്നതെന്ന് പോലീസ് പറഞ്ഞു.
പാര്‍സലില്‍ എം.ഡി.എം.എ. ഉണ്ടെന്ന് വിവരമറിയിച്ച് ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ട് മറ്റൊരു നമ്പര്‍ നല്‍കി. സി.ബി.ഐ. ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തി വീഡിയോകോളില്‍ വരുകയും സഞ്ജയിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അയച്ചുനല്‍കാന്‍ ആവശ്യപ്പെടുകയുംചെയ്തു. പിറ്റേന്ന് ഫോണില്‍ ബന്ധപ്പെട്ട് സഞ്ജയിന്റെ അക്കൗണ്ടിലേക്ക് ലഹരിവില്‍പ്പന, കുട്ടികളെ കടത്തല്‍, കള്ളപ്പണ ഇടപാട് തുടങ്ങിയവയിലൂടെ കിട്ടിയ പണം എത്തിയതായാണ് സൂചന ലഭിച്ചതെന്നും ഉടന്‍തന്നെ പണം റിസര്‍വ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ആര്‍.ബി.ഐ.യുടെ അക്കൗണ്ടാണെന്ന് വിശ്വസിപ്പിച്ച് ഒരു അക്കൗണ്ട് നമ്പര്‍ കൈമാറുകയും അതിലേക്ക് വ്യവസായിയുടെ പക്കല്‍നിന്ന് 3,48,84,521 രൂപ വിവിധ അക്കൗണ്ടുകളിലൂടെ കൈക്കലാക്കുകയും ചെയ്തു. സഞ്ജയിനെ 24 മണിക്കൂറോളം വെര്‍ച്ച്വല്‍ കസ്റ്റഡിയില്‍വെച്ച് സംഘം ആര്‍.ബി.ഐ.യുടേതെന്ന തരത്തില്‍ രേഖകള്‍ കൃത്രിമമായി സൃഷ്ടിച്ച് ഫോണില്‍ അയച്ചുകൊടുക്കുകയായിരുന്നു.
പിന്നീട് ഇ.പി.എഫ്. അക്കൗണ്ടിലെ തുകകൂടി മാറ്റണമെന്നാവശ്യപ്പെട്ട് വിളിച്ചപ്പോള്‍ സംശയംതോന്നിയ സഞ്ജയ്, സഹോദരനെ ബന്ധപ്പെട്ട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഘം തട്ടിയെടുത്ത പണത്തില്‍നിന്ന് 85,00,000 രൂപ പൂനൂര്‍ സ്വദേശിയായ സഹദ് മുഹസിന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പരപ്പന്‍പൊയിലില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്രാവല്‍സ് സ്ഥാപനത്തിന്റെ ജോയിന്റ് അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഈ തുക പിന്നീട് മാനിപുരം സ്വദേശി അന്‍വര്‍ ഷാദിന്റെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്വകാര്യ ട്രാവല്‍സ് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കും മാറ്റി. തട്ടിയെടുത്ത പണം കൈമാറ്റംചെയ്യപ്പെട്ട അക്കൗണ്ടുകള്‍ തേടിയുള്ള അന്വേഷണത്തിലാണ് മുംബൈ പോലീസ് താമരശ്ശേരിയലത്തിയത്. അക്കൗണ്ട് ഉടമകളെ വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമാണ് കസ്റ്റഡിയിലെടുത്തത്
കടപ്പാട്: മാതൃഭൂമി