താമരശ്ശേരി : താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയിലെ പ്രധാനികളായ ചിലർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് അന്വേഷണ വിധേയമായി സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി മരവിപ്പിച്ചതിനെ തുടർന്ന് ആരോപണ വിധേയരായവരെ മാറ്റി പുതിയ പഞ്ചായത്ത് കമ്മറ്റിയെ സംസ്ഥാന ലീഗ് കമ്മറ്റി പ്രഖ്യാപിച്ചു.
ജന. സി ക്രട്ടറിക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടും പ്രസിഡണ്ടിനെതിരെ ഒരു വനിതയുടെ പരാതിയും ഉയർന്നതിനെ തുടർന്ന് വിഷയം സംസ്ഥാന പ്രസിഡണ്ട് സ്വാദിഖലി ശിഹാബ് തങ്ങളുടെ അടുത്തെത്തിയപ്പോഴാണ് സംഭവത്തിൻ്റെ യാഥാർത്ഥ്യത്തെ സംബന്ധിച്ച് അന്വേഷിക്കാൻ ജില്ലാ മണ്ഡലം നേതൃത്വത്തിന് തങ്ങൾ നിർദേശം നൽകിയത്. ആരോപണം വസ്തുതാപരമെന്ന് അന്വേഷണത്തിൽ ബോധ്യമായതിനെ തുടർന്ന് പഞ്ചായത്ത് കമ്മറ്റി മരവിപ്പിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.
മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ, പോഷക ഘടകങ്ങളായ യൂത്ത് ലീഗ്, എം.എസ്. എഫ് ഭാരവാഹികൾ ഇവരൊക്കെയുമായി ചർച്ചകൾക്ക് ശേഷം ഇന്നലെ പുതിയ കമ്മറ്റി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ സീനിയർ നേതാവായ എൻ.പി. മുഹമ്മദലി മാസ്റ്റർ പ്രസിഡണ്ടും പി.പി. ഗഫൂർ ജന: സെക്രട്ടറിയും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹിമാൻ മാസ്റ്റർ ട്രഷറുമാണ്.
വൈസ് പ്രസിഡണ്ടായി എ.പി ഹംസ മാസ്റ്ററും കമ്മിറ്റിയിലിടം നേടി. മറ്റുള്ളവർ പഴയ കമ്മറ്റിയിലും ഭാരവാഹികളായിരുന്നു.
പുതിയ കമ്മറ്റി പ്രഖ്യാപനത്തോടെ താമരശ്ശേരിയിൽ മുഖ്യധാര പാർട്ടിയുടെ സംഘടനാപരമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണ്ടായിരുന്ന അനിശ്ചിതത്വന് വിരാമമാകും.