തിരുവമ്പാടി കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി അസിസ്റ്റൻ്റ് എഞ്ചിനീയറുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസ് തച്ചുതകർത്ത് ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത കേസിൽ വീണ്ടും പ്രതികൾക്ക് തിരിച്ചടി.
കെ എസ് ഇ ബി ജീവനക്കാർക്കെതിരെ പ്രതികളിലൊരാളായ അജ്മലിൻ്റെ മാതാവ് നൽകിയ സ്ത്രീപീഡന പരാതിയുടെ എഫ് ഐ ആർ ഹൈക്കോടതി തള്ളി.
പരാതിയിൽ യാതൊരു കഴമ്പുമില്ലെന്ന് കെ എസ് ഇ ബിക്കായി ഹാജരായ സീനിയർ അഭിഭാഷകൻ വാദിച്ചു.
അക്രമം സംബന്ധിച്ച് കെ എസ് ഇ ബി നൽകിയ കേസ് രജിസ്റ്റർ ചെയ്തത് 2024 ജൂലൈ 5ന് രാത്രി 8:14 നാണെന്നും അതിനുള്ള പ്രതികാരമെന്ന നിലയിൽ ജൂലൈ 7 ന് വൈകീട്ട് 5.29നാണ് ജീവനക്കാർക്കെതിരെയുള്ള പീഡന പരാതി രജിസ്റ്റർ ചെയ്തതെന്നും കെ എസ് ഇ ബി അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി.
കെ എസ് ഇ ബി നൽകിയ പരാതിക്ക് ബദലായി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്, കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ പ്രതികാരം ചെയ്യാൻ രണ്ടാം പ്രതിയായ അജ്മൽ ഉപയോഗിച്ച പ്രതികാര ആയുധമായി മാത്രമേ കണക്കാക്കാനാകൂ എന്നും അതിന് സത്യസന്ധതയില്ല എന്നും വിധിന്യായത്തിൽ വ്യക്തമാക്കിക്കൊണ്ടാണഹൈക്കോടതി പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കിയത്.
ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനായിരുന്നു പ്രതികൾ തിരുവമ്പാടി കെ എസ് ഇ ബി ഓഫീസ് ആക്രമിച്ചത്. രാവിലെ സൺറൈസ് മീറ്റിംഗ് സമയത്ത് സെക്ഷൻ ഓഫീസിൽ കടന്നുകയറിയ അക്രമികൾ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ശരീരത്ത് ഭക്ഷണാവശിഷ്ടങ്ങളുള്ള മലിന ജലം ഒഴിക്കുകയും സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയുമുണ്ടായി. പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയ അക്രമികൾ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫീസ് ഉപകരണങ്ങൾ തച്ചുതകർത്ത് വലിയ തോതിൽ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.
നേരത്തെ കേസിലെ ഒന്നാം പ്രതി അജ്മൽ, രണ്ടാം പ്രതി ഷഹദാദ് എന്നിവരുടെ ജാമ്യാപേക്ഷ ബഹു താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തള്ളിയിരുന്നു. പ്രതികളുടെ പ്രവൃത്തി നിർഭയമായി ജോലി ചെയ്യാനുള്ള പൊതു സേവകരുടെ അവകാശത്തിനു നേരെയുള്ള കടന്നു കയറ്റമാണെന്നും, അതിനാൽ ഇത്തരം കേസുകളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇടയില്ലെന്നും കോടതി നിരീക്ഷിക്കുകയുമുണ്ടായി.