Trending

ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. ഗോവയിൽ നിന്നുള്ള ബിജെപി നേതാവ് ആർലെകർ. സംസ്ഥാന സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ മാറ്റമെന്നതാണ് ശ്രദ്ധേയം. നേരത്തെ സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ എന്ന നിലയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു.

ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. നിലവില്‍ ബിഹാര്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സ്ഥാനം വഹിച്ച വ്യക്തിയാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. ചെറുപ്പം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആര്‍ലെകര്‍. 1980കളില്‍ തന്നെ ഗോവ ബിജിപെയില്‍ സജീവ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കടലാസ് രഹിത അസംബ്ലിയെന്ന നേട്ടം ഗോവ മന്ത്രിസഭയ്ക്ക് നല്‍കിയത് ആര്‍ലെകറിന്റെ ഇടപെടലിലൂടെയായിരുന്നു. 2015ല്‍ ഗോവ മന്ത്രിസഭ പുനസംഘടനയില്‍ ആര്‍ലെകര്‍ വനം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021ലാണ് ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറായി നിയമിതനായത്. പിന്നീട് 2023ൽ ബിഹാർ ഗവർണറായി നിയമിതനായി.

Post a Comment

Previous Post Next Post