താമരശ്ശേരി: പ്രവർത്തനസജ്ജമായ ഫ്രീസർ ഇല്ലാതെ ദുർഗന്ധം പരത്തി റോഡിലൂടെ സർവീസ് നടത്തിയ അറവുമാലിന്യം വഹിച്ചുള്ള വാഹനം നാട്ടുകാർ തടഞ്ഞു.
താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട്
എന്ന അറവു മാലിന്യ സംസ്കരണ ഫാക്ടറിയുടെ വാഹനമാണ് നാട്ടുകാർ തടഞ്ഞത്.
തങ്ങളുടെ വാഹനങ്ങൾ എല്ലാം ഫ്രീസർ സ്ഥാപിച്ചതാണെന്നും, ദുർഗന്ധം പരത്തുന്നില്ല എന്നുമായിരുന്നു കമ്പനി രേഖാമൂലം ജില്ലാ കലക്ടറെ അറിയിച്ചത്, എന്നാൽ കമ്പനിക്കായി സർവീസ് നടത്തുന്ന 27 ഓളം വാഹനങ്ങളിൽ ഭൂരിഭാഗത്തിലും പ്രവർത്തിക്കാത്ത ഫ്രീസറുകളാണെന്നും, ചിലതിൽ ഇതുവരെ ഫ്രീസർ സ്ഥാപിച്ചിട്ടില്ലെന്നും ഇതുമൂലം വാഹനം കടന്നു പോയാൽ ദീർഘനേരം റോഡിലും, പരിസരങ്ങളിലും മുക്കുപൊത്താതെ നിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറഞ്ഞു.ഇവരുടെ ഏതെങ്കിലും വാഹനത്തിൻ്റെ പിന്നിൽപ്പെട്ടാൽ ബസ്സ്, ബൈക്ക് യാത്രക്കാർ ഏറെ ദുരിതമനുഭവിക്കേണ്ടി വരും.
ഫാക്ടറിയിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധം സഹിക്കവയ്യാതെ നാട്ടുകാർ പ്രക്ഷോഭത്തിലാണ്.
കഴിഞ്ഞദിവസം താമരശ്ശേരി DySP വിളിച്ചു ചേർത്ത യോഗത്തിൽ ഫ്രീസർ ഇല്ലാത്ത വാഹനങ്ങൾ റോഡിൽ ഇറക്കരുതെന്ന് കർശന നിർദ്ദേശം കമ്പനിക്ക് നൽകിയിരുന്നു, എന്നാൽ ഇതൊന്നും പാലിക്കാതെയാണ് വീണ്ടും പഴയപടി വാഹനങ്ങൾ പുറത്തിറങ്ങുന്നത്.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി, നടപടിയെടുക്കുമെന്ന ഉറപ്പിൻമേൽ വാഹനം വിട്ടു നൽകി.