കൊയിലാണ്ടി -താമരശ്ശേരി - എടവണ്ണ സംസ്ഥാന പാത 222 കോടി രൂപ ചിലവഴിച്ച് നവീകരണം പൂർത്തിയാക്കി ഒരു വർഷം പൂർത്തിയാവുന്നതിനു മുമ്പ് താഴ്ന്നുപോയത് സംബന്ധിച്ച് പരാതിയെ തുടർന്ന് കരാർ കമ്പനിയായ ശ്രീധന്യ നടത്തിയ കുഴിയടക്കൽ വെറും പ്രഹസനമാണെന്ന് നാട്ടുകാർ.
താമരശ്ശേരി ചുങ്കം ഭാഗത്ത് മൃഗാശുപത്രിക്കും, ചുങ്കം ജംഗ്ഷനുമിടയിലുള്ള 100 മീറ്ററോളം ദൂരം മാത്രം റീ ടാർ ചെയ്ത് ഫോട്ടോയെടുത്ത് കരാറുകാർ സ്ഥലം വിടുകയായിരുന്നു. 50 കിലോമീറ്ററിൽ അധികം ദൂരം വരുന്ന റോഡിൻ്റെ ഒരു ഭാഗം ഏകദേശം 60% വും തകർച്ചയിലാണ്.
എന്നാൽ പരാതിയെ തുടർന്ന് പണി നടത്തുന്ന സന്ദർഭത്തിൽ പോലും ചുമതലപ്പെട്ട KSTP ഉദ്യാഗസ്ഥരാരും സ്ഥലത്തില്ലായിരുന്നു.
തകർന്ന റോഡ് പൂർണമായും റീ ടാറിംഗ് നടത്തണമെന്നും , ചുമതലപ്പെട്ട KSTP ഉദ്യോഗസ്ഥരും, കരാർ കമ്പനിയുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിൽ ഹരജി നൽകാനും, വിജിലൻസ് കോടതിയിൽ നേരിട്ട് ഹരജി ഫയൽ ചെയ്യാനും, റോഡ് പണിയിലെ ക്രമക്കേട് മൂലം നിരന്തരം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനും താമരശ്ശേരി ചുങ്കം യുവജന സമിതി തീരുമാനിച്ചു.