Trending

തിരുവമ്പാടിയിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ, ഒരാൾ ഓടി രക്ഷപെട്ടു

തിരുവമ്പാടിയില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്  കഞ്ചാവ്. സംഭവത്തില്‍ രണ്ട് യുവാക്കളെപൊലീസ് അറസ്റ്റ് ചെയ്തു. ഒരു യുവാവ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കൂടരഞ്ഞി സ്വദേശി ഇളംതുരുത്തില്‍ അഭീഷ്(38), കാരശ്ശേരി കറുത്തപറമ്പ് സ്വദേശി തരുപ്പാല പറമ്പില്‍ ജലീഷ് ബാബു(41) എന്നിവരാണ് 1.78 കിലോ ഗ്രാം കഞ്ചാവുമായി തിരുവമ്പാടി പൊലീസ് പിടികൂടിയത്. താഴെ തിരുവമ്പാടി ഗേറ്റുംപടി മുതിയോട്ടുമ്മലിലെ വാടക വീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരം ലഭിച്ച പൊലീസ്  കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു ഇവിടെ പരിശോധനക്കെത്തിയത്. പൊലീസ് എത്തിയതറിഞ്ഞ ഉടന്‍ ഇവരോടൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അഭീഷിനെയും ജലീഷിനെയും പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാരശ്ശേരി കല്‍പൂര്‍ സ്വദേശിയായ ഷഫീഖ് ആണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാളാണ് വീട് വാടകക്കെടുത്തതെന്ന് പൊലീസ് പറഞ്ഞു.

വാടകയ്ക്കെടുത്ത വീട്ടിൽ യുവാക്കളുടെ വരവിലും പോക്കിലും നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. തുടർന്നാണ് പൊലീസിന് രഹസ്യ വിവരം കിട്ടിയതും പരിശോധന നടത്തിയതും. വാടക വീട്ടിൽ നിന്നും ഒരു കാറും രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.


Post a Comment

Previous Post Next Post