താമരശ്ശേരി: പുതുപ്പാടിയിൽ ലഹരിക്കടിമയായ മകൻ വെട്ടിക്കൊലപ്പെടുത്തിയ അടിവാരം സ്വദേശിനി സുബൈദയുടെ മൃതദേഹം സംസ്കരിച്ചു. അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംസ്കാര നടന്നത്.
സുബൈദയെ അവസാന നോക്ക് കാണാൻ നിരവധിപ്പേരാണ് തടിച്ചുകൂടിയത്.
ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് കൊലപാതകശേഷം നാട്ടുകാരോട് പറഞ്ഞത്. ലഹരിക്ക് അടിമയായതിന് പിന്നാലെ ആഷിഖ് വീട്ടിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസം ആഷിഖ് വീട്ടിൽ എത്തിയിരുന്നില്ല.
വെള്ളിയാഴ്ച രാത്രി ഏറെ വൈകി ബൈക്കിൽ മറ്റൊരാളുടെ കൂടെ വീട്ടിലെത്തി കുളി കഴിഞ്ഞ് ഭക്ഷണവും കഴിച്ചു ഉറങ്ങിയ ആഷിഖ് ഇന്നലെ ഉച്ചക്ക് 2.30 ഓടെ വീട്ടിൽ മറ്റാരും ഇല്ലാത്ത അവസരത്തിൽ അയൽ വീട്ടിൽ നിന്നും തേങ്ങ പോളിക്കാനെന്ന് പറഞ്ഞ് കൊടുവാൾ വാങ്ങി തലയും, കഴുത്തും വെട്ടി നുറുക്കിയാണ് മാതാവിനെ കൊലപ്പെടുത്തിയത്.
ആഷിഖിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി കുന്ദമംഗലം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.