കോട്ടയം: ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി വൈദികനിൽ നിന്ന് 1.41 കോടി തട്ടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതി മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരി (35), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്മൽ.കെ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിൻഹാജ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കോട്ടയം കടുത്തുരുത്തിയിലെ വൈദികനാണ് തട്ടിപ്പിന് ഇരയായത്. പ്രമുഖ കമ്പനിയുടെ വ്യാജ ആപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മുഖ്യപ്രതിയായ ജാവേദ് അൻസാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിൽ നിന്നാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. ഇയാൾ ഷെയർ ട്രേഡിങ്ങിൽ താൽപര്യമുള്ള വൈദികനെ സമൂഹ മാധ്യമം വഴി ബന്ധപ്പെട്ട് വ്യാജ ആപ്ലിക്കേഷൻ വൈദികന്റെ ഫോണിൽ ഡൗൺലോഡ് ചെയ്യിപ്പിച്ച് ഇതിലൂടെ ട്രേഡിങ് നടത്തുകയായിരുന്നു.