Trending

പാവക്കുട്ടിയെ എത്തിനോക്കി; തിരുവനന്തപുരത്ത് സംസാരശേഷിയില്ലാത്ത 5വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

തിരുവനന്തപുരം നേമത്ത് അഞ്ചുവയസുകാരനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. നേമം കുളകുടിയൂര്‍ക്കോണത്ത് സുമേഷ് – ആര്യ ദമ്പതികളുടെ മകന്‍ ധ്രുവനാണ് കിണറില്‍ വീണ് മരിച്ചത്.

പാവക്കുട്ടിയെ നോക്കാന്‍ കസേര വലിച്ചിട്ട് കിണറിലേക്ക് എത്തിനോക്കിയപ്പോള്‍ കുഞ്ഞ് കിണറ്റിലേക്ക് വീണതാകാമെന്നാണ് സംശയം. സംസാരശേഷിയില്ലാത്ത ധ്രുവന്‍ വീടിനു സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്.

കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. കിണറ്റില്‍ വീണ പാവക്കുട്ടിയെ തിരയുന്നതിനിടെ അബദ്ധത്തില്‍ വീണതാകാമെന്നാണ് പൊലീസും വീട്ടുകാരും കരുതുന്നത്.

കിണറിന് സമീപത്ത് കസേര ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ അമ്മ ആര്യ സമീപവാസികളെ വിളിച്ചുകൂട്ടി. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ അഗ്‌നിരക്ഷാസേനയാണ് കുഞ്ഞിനെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post