കോഴിക്കോട്: കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യയിൽ താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെൻ്റിന് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ട്. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയുള്ള റിപ്പോർട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.
വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നാണ് വീഴ്ചപറ്റിയത് എന്നായിരുന്നു മാനേജ്‌മെന്റ് ആരോപിച്ചിരുന്നത്. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ല എന്നുമായിരുന്നു മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ മാനേജ്‌മെന്റിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മാനേജ്മെന്റ് ശരിയായ നടപടി സ്വീകരിച്ചാൽ മാത്രമേ സർക്കാരിന് സ്ഥിര നിയമനം നൽകാനാകുവെന്നും അലീന ബെന്നിയുടെ പിതാവ് ബെന്നി പറഞ്ഞു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.
കട്ടിപ്പാറയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിടുകയായിരുന്നു. അടുത്തമാസം 26ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കാനാണ് തീരുമാനം.